അദ്വൈതദീപിക Advaita Deepika Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/advaita-deepika Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=41 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. അദ്വൈതദീപിക 1 പേരായിരം പ്രതിഭയായിരമിങ്ങവറ്റി- ലാരാലെഴുംവിഷയമായിരമാം പ്രപഞ്ചം, ഓരായ്കില്‍ നേരിതു കിനാവുണരുംവരെയ്ക്കും നേരാമുണര്‍ന്നളവുണര്‍ന്നവനാമശേഷം. 2 നേരല്ല ദൃശ്യമിതു ദൃക്കിനെ നീക്കിനോക്കില്‍ വേറല്ല വിശ്വമറിവാംമരുവില്‍ പ്രവാഹം; കാര്യത്തില്‍ നില്പതിഹ കാരണസത്തയെന്ന്യേ വേറല്ല വീചിയിലിരിപ്പതു വാരിയത്രേ. 3 വാസസ്സു തന്തുവിതു പഞ്ഞിയിതാദിമൂല- ഭൂതപ്രഘാതമിതുമോര്‍ക്കുകിലിപ്രകാരം ബോധത്തില്‍നിന്നു വിലസുന്നു മരുസ്ഥലത്തു പാഥസ്സുപോലെ; പരമാവധി ബോധമത്രേ. 4 വൃത്തിസ്ഥമാമറിവില്‍ വിശ്വവുമില്ലിതിന്‍റെ വിത്താമവിദ്യയതുമില്ല വിളക്കുവന്നാല്‍ അദ്ദിക്കിലെങ്ങുമിരുളില്ലുടനങ്ങു വര്‍ത്തി- വിട്ടാല്‍ വിളക്കു പൊലിയുന്നിരുളും വരുന്നു. 5 ആരായ്കിലീയുലകമില്ലിതവിദ്യ തത്ത്വ- മോരാതവര്‍ക്കിതുലകായ് വിലസും ഭ്രമത്താല്‍ ആരാല്‍ വിളക്കെരികിലില്ല പിശാചിതന്ധ- കാരം ഭയന്നവനിരുട്ടു പിശാചുപോലാം. 6 ഉണ്ടില്ലയെന്നു മുറമാറിയസത്തുസത്തു രണ്ടും പ്രതീതമിതനാദിതമഃസ്വഭാവം രണ്ടും തിരഞ്ഞിടുകിലില്ലയസത്തു രജ്ജു- ഖണ്ഡത്തിലില്ലുരഗമുള്ളതു രജ്ജുമാത്രം. 7 അസ്ത്യസ്തിയെന്നു സകലോപരി നില്പതൊന്നേ സത്യം സമസ്തവുമനിത്യമസത്യമാകും, മൃത്തിന്‍വികാരമതസത്യമിതിങ്കലൊക്കെ വര്‍ത്തിപ്പതോര്‍ക്കിലൊരു മൃത്തിതു സത്യമത്രേ. 8 അജ്ഞാനവേളയിലുമസ്തി വിഭാതി രണ്ടു- മജ്ഞാതമല്ല, സുഖവും വിലസുന്നു മൂന്നും; രജ്ജുസ്വരൂപമഹിയോടുമിദന്തയാര്‍ന്നു നില്‍ക്കുന്നതിന്നിഹ നിദര്‍ശനമാമിതോര്‍ത്താല്‍. 9 വിശ്വം വിവേകദശയിങ്കലഴിഞ്ഞു സര്‍വ- മസ്വസ്ഥമാകിലുമതിന്ദ്രിയദൃശ്യമാകും ദിക്കിന്‍ഭ്രമം വിടുകിലും ചിരമിങ്ങിവന്‍റെ ദൃക്കിന്നു ദിക്കു പുനരങ്ങനെതന്നെ കാണാം. 1 സത്യത്തിലില്ലയുലകം സകലം വിവേക- വിദ്ധ്വസ്തമായ പിറകും വിലസുന്നു മുന്‍പോല്‍ നിസ്തര്‍ക്കമായ് മരുവിലില്ലിഹ നീരമെന്നു സിദ്ധിക്കിലും വിലസിടുന്നിതു മുന്‍പ്രകാരം. 11 ജ്ഞാനിക്കു സത്തുലകു ചിത്തു സുഖസ്വരൂപ- മാനന്ദമല്ലനൃതമജ്ഞനിതപ്രകാശം കാണുന്നവന്നു സുഖമസ്തിതയാര്‍ന്ന ഭാനു- മാനര്‍ക്കനന്ധനിരുളാര്‍ന്നൊരു ശൂന്യവസ്തു. 12 വിത്തൊന്നുതാന്‍ വിവിധമായ് വിലസുന്നിതിങ്ക- ലര്‍ത്ഥാന്തരം ചെറുതുമില്ല വിശേഷമായി രജ്ജുസ്വരൂപമറിയാതിരുളാല്‍ വിവര്‍ത്ത- സര്‍പ്പം നിനയ്ക്കിലിതു രജ്ജുവില്‍നിന്നു വേറോ? 13 ഓരോന്നതായവയവം മുഴുവന്‍ പിരിച്ചു വേറാക്കിയാലുലകമില്ല വിചിത്രമത്രേ! വേറാകുമീയവയവങ്ങളുമേവമങ്ങോ- ട്ടാരായ്കിലില്ലഖിലവും നിജബോധമാത്രം. 14 നൂലാടതന്നിലുദകം നുരതന്നിലേവം ഹാ! ലോകമാകെ മറയുന്നൊരവിദ്യയാലേ; ആലോചനാവിഷയമായിതു തന്‍റെ കാര്യ- ജാലത്തൊടും മറകിലുണ്ടറിവൊന്നുമാത്രം. 15 ആനന്ദമസ്തിയതു ഭാതിയതൊന്നുതന്നെ താനന്യമോര്‍ക്കിലതു നാസ്തി ന ഭാതി സര്‍വം; കാനല്‍ജലം ഗഗനനീലമസത്യമഭ്ര- സൂനം, നിനയ്ക്കില്‍ ഗഗനം പരമാര്‍ത്ഥമാകും. 16 ആത്മാവിലില്ലയൊരഹംകൃതി യോഗിപോലെ താന്‍ മായയാല്‍ വിവിധമായ് വിഹരിച്ചിടുന്നു; യോഗസ്ഥനായ് നിലയില്‍നിന്നിളകാതെ കായ- വ്യൂഹം ധരിച്ചു വിഹരിച്ചിടുമിങ്ങു യോഗി. 17 അജ്ഞാനസംശയവിപര്യയമാത്മതത്ത്വ- ജിജ്ഞാസുവിന്നു ദൃഢബോധനിതില്ല തെല്ലും; സര്‍പ്പപ്രതീതി ഫണിയോ കയറോയിതെന്ന തര്‍ക്കം ഭ്രമം കയറുകാണ്‍കിലിതില്ല തെല്ലും. 18 മുന്നേ കടന്നു വിഷയംപ്രതി വൃത്തി മുന്നില്‍- നിന്നീടുമാവരണമാം തിര നീക്കിടുന്നു; പിന്നീടു കാണുമറിവും പ്രഭതന്‍റെ പിന്‍പോയ് ക്കണ്ണെന്നപോലറിവു കാണുകയില്ല താനേ. 19 കാണുന്നു കണ്ണിഹ തുറക്കിലടയ്ക്കിലന്ധന്‍- താനുള്ളില്‍മേവുമറിവിങ്ങു വരായ്കയാലേ; ജ്ഞാനംപുറത്തുതനിയേ വരികില്ല കണ്ണു- വേണം വരുന്നതിനു കണ്ണിനു കാന്തിപോലെ.