All krithisPhilosophy
SREE NARAYANA GURU · ORIGINAL TEXT

ആത്മോപദേശശതകം

Atmopadesa Sathakam

✳
Aa 100%
Note on this source text

The Sivagiri source repeats part of verse 88 and labels it 89 before the next verse 89. This transcription preserves the source exactly; all verse numbers 1–100 are present.

ആത്മോപദേശശതകം 1 അറിവിലുമേറിയറിഞ്ഞിടുന്നവന്‍ത- ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി- ത്തെരുതെരെ വീണുവണങ്ങിയോതിടേണം. 2 കരണവുമിന്ദ്രിയവും കളേബരം തൊ- ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ലാം പരവെളിതന്നിലുയര്‍ന്ന ഭാനുമാന്‍ തന്‍ തിരുവുരുവാണു തിരഞ്ഞു തേറിടേണം. 3 വെളിയിലിരുന്നു വിവര്‍ത്തമിങ്ങു കാണും വെളി മുതലായ വിഭൂതിയഞ്ചുമോര്‍ത്താല്‍ ജലനിധിതന്നിലുയര്‍ന്നിടും തരങ്ഗാ- വലിയതുപോലെയഭേദമായ് വരേണം. 4 അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍ത- ന്നറിവുമൊരാദിമഹസ്സു മാത്രമാകും; വിരളത വിട്ടു വിളങ്ങുമമ്മഹത്താ- മറിവിലമര്‍ന്നതു മാത്രമായിടേണം. 5 ഉലകരുറങ്ങിയുണര്‍ന്നു ചിന്ത ചെയ്യും പലതുമിതൊക്കെയുമുറ്റു പാര്‍ത്തു നില്ക്കും വിലമതിയാത വിളക്കുദിക്കയും പിന്‍- പൊലികയുമില്ലിതു കണ്ടു പോയിടേണം. 6 ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ- ടണമശനം പുണരേണമെന്നിവണ്ണം അണയുമനേകവികല്പമാകയാലാ- രുണരുവതുള്ളൊരു നിര്‍വികാരരൂപം? 7 ഉണരരുതിന്നിയുറങ്ങിടാതിരുന്നീ- ടണമറിവായിതിനിന്നയോഗ്യനെന്നാല്‍ പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞു വാഴും മുനിജനസേവയില്‍ മൂര്‍ത്തി നിര്‍ത്തിടേണം. 8 ഒളി മുതലാം പഴമഞ്ചുമുണ്ടു നാറും നളികയിലേറി നയേന മാറിയാടും കിളികളെയഞ്ചുമരിഞ്ഞുകീഴ്മറിക്കും വെളിവുരുവേന്തിയകം വിളങ്ങിടേണം. 9 ഇരുപുറവും വരുമാറവസ്ഥയെപ്പൂ- ത്തൊരു കൊടി വന്നു പടര്‍ന്നുയര്‍ന്നു മേവും തരുവിനടിക്കു തപസ്സു ചെയ്തു വാഴും നരനു വരാ നരകം നിനച്ചിടേണം. 10 "ഇരുളിലിരിപ്പവനാര്? ചൊല്ക നീ" യെ- ന്നൊരുവനുരപ്പതു കേട്ടു താനുമേവം അറിവതിനായവനോടു "നീയുമാരെ"- ന്നരുളുമിതിന്‍ പ്രതിവാക്യമേകമാകും. 11 'അഹമഹ' മെന്നരുളുന്നതൊക്കെയാരാ- യുകിലകമേ പലതല്ലതേകമാകും; അകലുമഹന്തയനേകമാകയാലീ തുകയിലഹംപൊരുളും തുടര്‍ന്നിടുന്നു. 12 തൊലിയുമെലുമ്പുമലം ദുരന്തമന്തഃ- കലകളുമേന്തുമഹന്തയൊന്നു കാണ്‍ക! പൊലിയുമിതന്യ പൊലിഞ്ഞു പൂര്‍ണ്ണമാകും വലിയൊരഹന്ത വരാ വരം തരേണം. 13 ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ- ന്നകമലരിട്ടു വണങ്ങിയക്ഷമാറി സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിന്‍ മഹിമയുമറ്റു മഹസ്സിലാണിടേണം. 14 ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം കപടയതിക്കു കരസ്ഥമാകുവീലെ- ന്നുപനിഷദുക്തിരഹസ്യമോര്‍ത്തിടേണം. 15 പരയുടെ പാലു നുകര്‍ന്ന ഭാഗ്യവാന്മാര്‍- ക്കൊരു പതിനായിരമാണ്ടൊരല്പനേരം; അറിവപരപ്രകൃതിക്കധീനമായാ- ലരനൊടിയായിരമാണ്ടുപോലെ തോന്നും. 16 അധികവിശാലമരുപ്രദേശമൊന്നായ് നദി പെരുകുന്നതുപോലെ വന്നു നാദം ശ്രുതികളില്‍ വീണു തുറക്കുമക്ഷിയെന്നും യതമിയലും യതിവര്യനായിടേണം. 17 അഴലെഴുമഞ്ചിതളാര്‍ന്നു രണ്ടു തട്ടായ്- ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ നിഴലുരുവായെരിയുന്നു നെയ്യതോ മുന്‍- പഴകിയ വാസന വര്‍ത്തി വൃത്തിയത്രേ. 18 അഹമിരുളല്ലിരുളാകിലന്ധരായ് നാ- മഹമഹമെന്നറിയാതിരുന്നിടേണം; അറിവതിനാലഹമന്ധകാരമല്ലെ- ന്നറിവതിനിങ്ങനെയാര്‍ക്കുമോതിടേണം. 19 അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ- ന്നടിയിടുമാദിമസത്തയുള്ളതെല്ലാം; ജഡമിതു സര്‍വമനിത്യമാം; ജലത്തിന്‍- വടിവിനെ വിട്ടു തരങ്ഗമന്യമാമോ? 20 ഉലകിനു വേറൊരു സത്തയില്ലതുണ്ടെ- ന്നുലകരുരപ്പതു സര്‍വ്വമൂഹഹീനം; ജളനു വിലേശയമെന്നു തോന്നിയാലും നലമിയലും മലര്‍മാല നാഗമാമോ? 21 പ്രിയമൊരു ജാതിയിതെന്‍ പ്രിയം, ത്വദീയ- പ്രിയമപരപ്രിയമെന്നനേകമായി പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തന്‍- പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം. 22 പ്രിയമപരന്‍റെയതെന്‍പ്രിയം; സ്വകീയ- പ്രിയമപരപ്രിയമിപ്രകാരമാകും നയമതിനാലെ നരന്നു നന്മ നല്കും ക്രിയയപരപ്രിയഹേതുവായ് വരേണം. 23 അപരനുവേണ്ടിയഹര്‍നിശം പ്രയത്നം കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു; കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു- ന്നപജയകര്‍മ്മമവന്നുവേണ്ടി മാത്രം. 24 അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ- ലവനിയിലാദിമമായൊരാത്മരൂപം അവനവനാത്മസുഖത്തിനാചരിക്കു- ന്നവയപരന്നു സുഖത്തിനായ് വരേണം. 25 ഒരുവനു നല്ലതുമന്യനല്ലലും ചേര്‍- പ്പൊരു തൊഴിലാത്മവിരോധിയോര്‍ത്തിടേണം; പരനു പരം പരിതാപമേകിടുന്നോ- രെരിനരകാബ്ധിയില്‍ വീണെരിഞ്ഞിടുന്നു. 26 അവയവമൊക്കെയമര്‍ത്തിയാണിയായ് നി- ന്നവയവിയാവിയെയാവരിച്ചിടുന്നു; അവനിവനെന്നതിനാലവന്‍ നിനയ്ക്കു- ന്നവശതയാമവിവേകമൊന്നിനാലേ. 27 ഇരുളിലിരുന്നറിയുന്നതാകുമാത്മാ- വറിവതുതാനഥ നാമരൂപമായും കരണമൊടിന്ദ്രിയകര്‍ത്തൃകര്‍മ്മമായും വരുവതു കാണ്‍ക! മഹേന്ദ്രജാലമെല്ലാം. 28 അടിമുടിയറ്റടിതൊട്ടു മൗലിയന്തം സ്ഫുടമറിയുന്നതു തുര്യബോധമാകും; ജഡമറിവീലതു ചിന്ത ചെയ്തു ചൊല്ലു- ന്നിടയിലിരുന്നറിവല്ലറിഞ്ഞിടേണം. 29 മനമലര്‍ കൊയ്തു മഹേശപൂജ ചെയ്യും മനുജനു മറ്റൊരു വേല ചെയ്തിടേണ്ട; വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ- മനുവുരുവിട്ടുമിരിക്കില്‍ മായ മാറും 30 ജഡമറിവീലറിവിന്നു ചിന്തയില്ലോ- തിടുകയുമില്ലറിവെന്നറിഞ്ഞു സര്‍വം വിടുകിലവന്‍ വിശദാന്തരങ്ഗനായ് മേ- ലുടലിലമര്‍ന്നുഴലുന്നതില്ല നൂനം. 31 അനുഭവമാദിയിലൊന്നിരിക്കിലല്ലാ- തനുമിതിയില്ലിതു മുന്നമക്ഷിയാലേ അനുഭവിയാതതുകൊണ്ടു ധര്‍മ്മിയുണ്ടെ- ന്നനുമിതിയാലറിവീലറിഞ്ഞിടേണം. 32 അറിവതു ധര്‍മ്മിയെയല്ല, ധര്‍മ്മമാമീ- യരുളിയ ധര്‍മ്മിയദൃശ്യമാകയാലേ ധര മുതലായവയൊന്നുമില്ല താങ്ങു- ന്നൊരു വടിവാമറിവുള്ളതോര്‍ത്തിടേണം. 33 അറിവു നിജസ്ഥിതിയിങ്ങറിഞ്ഞിടാനായ്- ദ്ധര മുതലായ വിഭൂതിയായി താനേ മറിയുമവസ്ഥയിലേറിമാറി വട്ടം- തിരിയുമലാതസമം തിരിഞ്ഞിടുന്നു. 34 അരനൊടിയാദിയരാളിയാര്‍ന്നിടും തേ- രുരുളതിലേറിയുരുണ്ടിടുന്നു ലോകം; അറിവിലനാദിയതായ് നടന്നിടും തന്‍- തിരുവിളയാടലിതെന്നറിഞ്ഞിടേണം. 35 ഒരു പതിനായിരമാദിതേയരൊന്നായ് വരുവതുപോലെ വരും വിവേകവൃത്തി അറിവിനെ മൂടുമനിത്യമായയാമീ- യിരുളിനെയീര്‍ന്നെഴുമാദിസൂര്യനത്രേ. 36 അറിവിനു ശക്തിയനന്തമുണ്ടിതെല്ലാ- മറുതിയിടാം സമയന്യയെന്നിവണ്ണം ഇരുപിരിവായിതിലന്യസാമ്യമാര്‍ന്നു- ള്ളുരുവിലമര്‍ന്നു തെളിഞ്ഞുണര്‍ന്നിടേണം. 37 വിഷമതയാര്‍ന്നെഴുമന്യ വെന്നുകൊള്‍വാന്‍ വിഷമമഖണ്ഡവിവേകശക്തിയെന്ന്യേ; വിഷമയെ വെന്നതിനാല്‍ വിവേകമാകും വിഷയവിരോധിനിയോടണഞ്ഞിടേണം. 38 പലവിധമായറിയുന്നതന്യയൊന്നായ് വിലസുവതാം സമയെന്നു മേലിലോതും നിലയെയറിഞ്ഞു നിവര്‍ന്നു സാമ്യമേലും കലയിലലിഞ്ഞു കലര്‍ന്നിരുന്നിടേണം. 39 അരുളിയ ശക്തികളെത്തുടര്‍ന്നു രണ്ടാം പിരിവിവയില്‍ സമതന്‍വിശേഷമേകം; വിരതി വരാ വിഷമാവിശേഷമൊന്നി- ത്തരമിവ രണ്ടു തരത്തിലായിടുന്നു. 40 സമയിലുമന്യയിലും സദാപി വന്നി- ങ്ങമരുവതുണ്ടതതിന്‍ വിശേഷശക്തി അമിതയതാകിലുമാകെ രണ്ടിവറ്റിന്‍- ഭ്രമകലയാലഖിലം പ്രമേയമാകും. 41 ഇതു കുടമെന്നതിലാദ്യമാമിതെന്നു- ള്ളതു വിഷമാ കുടമോ വിശേഷമാകും; മതി മുതലായ മഹേന്ദ്രജാലമുണ്ടാ- വതിനിതുതാന്‍ കരുവെന്നു കണ്ടിടേണം. 42 ഇദമറിവെന്നതിലാദ്യമാമിതെന്നു- ള്ളതു സമ, തന്‍റെ വിശേഷമാണു ബോധം; മതി മുതലായവയൊക്കെ മാറി മേല്‍ സദ്- ഗതി വരുവാനിതിനെബ്ഭജിച്ചിടേണം. 43 പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം സുകൃതികള്‍ പോലുമഹോ! ചുഴന്നിടുന്നു! വികൃതി വിടുന്നതിനായി വേല ചെയ്വീ- ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം. 44 പലമതസാരവുമേകമെന്നു പാരാ- തുലകിലൊരാനയിലന്ധരെന്നപോലെ പലവിധ യുക്തി പറഞ്ഞു പാമരന്മാ- രലവതു കണ്ടലയാതമര്‍ന്നിടേണം. 45 ഒരു മതമന്യനു നിന്ദ്യമൊന്നിലോതും കരുവപരന്‍റെ കണക്കിനൂനമാകും; ധരയിലിതിന്‍റെ രഹസ്യമൊന്നുതാനെ- ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം. 46 പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ- ന്നൊരു മതവും പൊരുതാലൊടുങ്ങുവീല; പരമതവാദിയിതോര്‍ത്തിടാതെ പാഴേ പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം. 47 ഒരുമതമാകുവതിന്നുരപ്പതെല്ലാ- വരുമിതു വാദികളാരുമോര്‍ക്കുവീല; പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ- രറിയുമിതിന്‍റെ രഹസ്യമിങ്ങശേഷം. 48 തനുവിലമര്‍ന്ന ശരീരി, തന്‍റെ സത്താ- തനുവിലതെന്‍റെതിതെന്‍റെതെന്നു സര്‍വം തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ- ലനുഭവശാലികളാമിതോര്‍ക്കിലാരും. 49 അഖിലരുമാത്മസുഖത്തിനായ് പ്രയത്നം സകലവുമിങ്ങു സദാപി ചെയ്തിടുന്നു; ജഗതിയിലിമ്മതമേകമെന്നു ചിന്തി- ച്ചഘമണയാതകതാരമര്‍ത്തിടേണം. 50 നിലമൊടു നീരതുപോലെ കാറ്റു തീയും വെളിയുമഹംകൃതി വിദ്യയും മനസ്സും അലകളുമാഴിയുമെന്നുവേണ്ടയെല്ലാ- വുലകുമുയര്‍ന്നറിവായി മാറിടുന്നു. 51 അറിവിലിരുന്നൊരഹന്തയാദ്യമുണ്ടായ്- വരുമിതിനോടൊരിദന്ത വാമയായും വരുമിവ രണ്ടുലപങ്ങള്‍പോലെ മായാ- മരമഖിലം മറയെപ്പടര്‍ന്നിടുന്നു. 52 ധ്വനിമയമായ്ഗ്ഗഗനം ജ്വലിക്കുമന്നാ- ളണയുമതിങ്കലശേഷദൃശ്യജാലം; പുനരവിടെ ത്രിപുടിക്കു പൂര്‍ത്തി നല്കും സ്വനവുമടങ്ങുമിടം സ്വയംപ്രകാശം! 53 ഇതിലെഴുമാദിമശക്തിയിങ്ങു കാണു- ന്നിതു സകലം പെറുമാദിബീജമാകും; മതിയതിലാക്കി മറന്നിടാതെ മായാ- മതിയറുവാന്‍ മനനം തുടര്‍ന്നിടേണം. 54 ഉണരുമവസ്ഥയുറക്കിലില്ലുറക്കം പുനരുണരുമ്പൊഴുതും സ്ഫുരിക്കുവീല; അനുദിനമിങ്ങനെ രണ്ടുമാദിമായാ- വനിതയില്‍നിന്നു പുറന്നു മാറിടുന്നു. 55 നെടിയ കിനാവിതു നിദ്രപോലെ നിത്യം കെടുമിതുപോലെ കിനാവുമിപ്രകാരം കെടുമതി കാണുകയില്ല, കേവലത്തില്‍ പെടുവതിനാലനിശം ഭ്രമിച്ചിടുന്നു. 56 കടലിലെഴും തിരപോലെ കായമോരോ- ന്നുടനുടനേറിയുയര്‍ന്നമര്‍ന്നിടുന്നു; മുടിവിതിനെങ്ങിതു ഹന്ത! മൂലസംവിത്- കടലിലജസ്രവുമുള്ള കര്‍മ്മമത്രേ! 57 അലയറുമാഴിയിലുണ്ടനന്തമായാ- കലയിതു കല്യയനാദികാര്യമാകും സലിലരസാദി ശരീരമേന്തി നാനാ- വുലകുരുവായുരുവായി നിന്നിടുന്നു. 58 നവനവമിന്നലെയിന്നു നാളെ മറ്റേ- ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ അവിരതമെണ്ണിയളന്നിടുന്നതെല്ലാം ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം. 59 അറിവിനെ വിട്ടഥ ഞാനുമില്ലയെന്നെ- പ്പിരിയുകിലില്ലറിവും പ്രകാശമാത്രം; അറിവറിയുന്നവനെന്നു രണ്ടുമോര്‍ത്താ- ലൊരു പൊരുളാമതിലില്ല വാദമേതും. 60 അറിവിനെയും മമതയ്ക്കധീനമാക്കി- പ്പറയുമിതിന്‍ പരമാര്‍ത്ഥമോര്‍ത്തിടാതെ, പറകിലുമപ്പരതത്ത്വമെന്നപോലീ- യറിവറിയുന്നവനന്യമാകുവീല. 61 വെളിവിഷയം വിലസുന്നു വേറുവേറാ- യളവിടുമിന്ദ്രിയമാര്‍ന്നു തന്‍റെ ധര്‍മ്മം ജളതയതിങ്ങു ദിഗംബരാദി നാമാ- വലിയൊടുയര്‍ന്നറിവായി മാറിടുന്നു. 62 പരവശനായ്പ്പരതത്ത്വമെന്‍റെതെന്നോര്‍- ക്കരുതരുതെന്നു കഥിപ്പതൊന്നിനാലേ വരുമറിവേതു വരാ കഥിപ്പതാലേ പരമപദം പരിചിന്ത ചെയ്തിടേണം. 63 അറിവിലിരുന്നപരത്വമാര്‍ന്നിടാതീ- യറിവിനെയിങ്ങറിയുന്നതെന്നിയേ താന്‍ പരവശനായറിവീല പണ്ഡിതന്‍ തന്‍- പരമരഹസ്യമിതാരു പാര്‍ത്തിടുന്നു! 64 പ്രതിവിഷയം പ്രതിബന്ധമേറി മേവു- ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ; അതിവിശദസ്മൃതിയാലതീതവിദ്യാ- നിധി തെളിയുന്നിതിനില്ല നീതിഹാനി. 65 ഒരുകുറി നാമറിയാത്തതൊന്നുമിങ്ങി- ല്ലുരുമറവാലറിവീലുണര്‍ന്നിതെല്ലാം അറിവവരില്ലതിരറ്റതാകയാലീ- യരുമയെയാരറിയുന്നഹോ വിചിത്രം! 66 ഇര മുതലായവയെന്നുമിപ്രകാരം വരുമിനിയും; വരവറ്റുനില്പതേകം; അറിവതു നാമതു തന്നെ മറ്റുമെല്ലാ- വരുമതുതന്‍ വടിവാര്‍ന്നു നിന്നിടുന്നു. 67 ഗണനയില്‍നിന്നു കവിഞ്ഞതൊന്നു സാധാ- രണമിവ രണ്ടുമൊഴിഞ്ഞൊരന്യരൂപം നിനവിലുമില്ലതു നിദ്രയിങ്കലും മേ- ലിനനഗരത്തിലുമെങ്ങുമില്ല നൂനം. 68 അരവവടാകൃതിപോലഹന്ത രണ്ടാ- യറിവിലുമങ്ഗിയിലും കടക്കയാലേ, ഒരു കുറിയാര്യയിതിങ്ങനാര്യയാകു- ന്നൊരുകുറിയെന്നുണരേണമൂഹശാലി. 69 ശ്രുതിമുതലാം തുരഗം തൊടുത്തൊരാത്മ- പ്രതിമയെഴും കരണപ്രവീണനാളും രതിരഥമേറിയഹന്ത രമ്യരൂപം പ്രതി പുറമേ പെരുമാറിടുന്നജസ്രം. 70 ഒരു രതി തന്നെയഹന്തയിന്ദ്രിയാന്തഃ കരണകളേബരമൊന്നിതൊക്കെയായി വിരിയുമിതിന്നു വിരാമമെങ്ങു, വേറാ- മറിവവനെന്നറിവോളമോര്‍ത്തിടേണം. 71 സവനമൊഴിഞ്ഞു സമത്വമാര്‍ന്നു നില്പീ- ലവനിയിലാരുമനാദി ലീലയത്രേ; അവിരളമാകുമിതാകവേയറിഞ്ഞാ- ലവനതിരറ്റ സുഖം ഭവിച്ചിടുന്നു. 72 ക്രിയയൊരു കൂറിതവിദ്യ; കേവലം ചി- ന്മയി മറുകൂറിതു വിദ്യ; മായയാലേ നിയതമിതിങ്ങനെ നില്ക്കിലും പിരിഞ്ഞ- ദ്ദ്വയപരഭാവന തുര്യമേകിടുന്നു. 73 ഒരു പൊരുളിങ്കലനേകമുണ്ടനേകം പൊരുളിലൊരര്‍ത്ഥവുമെന്ന ബുദ്ധിയാലേ അറിവിലടങ്ങുമഭേദമായിതെല്ലാ- വരുമറിവീലതിഗോപനീയമാകും. 74 പൊടിയൊരു ഭുവിലസംഖ്യമപ്പൊടിക്കുള്‍- പ്പെടുമൊരു ഭൂവിതിനില്ല ഭിന്നഭാവം; ജഡമമരുന്നതുപോലെ ചിത്തിലും ചി- ത്തുടലിലുമിങ്ങിതിനാലിതോര്‍ക്കിലേകം. 75 പ്രകൃതി ജലം തനു ഫേനമാഴിയാത്മാ- വഹമഹമെന്നലയുന്നതൂര്‍മ്മിജാലം അകമലരാര്‍ന്നറിവൊക്കെ മുത്തുതാന്‍ താന്‍ നുകരുവതാമമൃതായതിങ്ങു നൂനം. 76 മണലളവറ്റു ചൊരിഞ്ഞ വാപിയിന്‍മേ- ലണിയണിയായല വീശിടുന്നവണ്ണം അനൃതപരമ്പര വീശിയന്തരാത്മാ- വിനെയകമേ ബഹുരൂപമാക്കിടുന്നു. 77 പരമൊരു വിണ്ണു, പരന്ന ശക്തി കാറ്റാ- മറിവനലന്‍ ജലമക്ഷമിന്ദ്രിയാര്‍ത്ഥം ധരണിയിതിങ്ങനെയഞ്ചു തത്ത്വമായ് നി- ന്നെരിയുമിതിന്‍റെ രഹസ്യമേകമാകും. 78 മരണവുമില്ല പുറപ്പുമില്ല വാഴ്വും നരസുരരാദിയുമില്ല നാമരൂപം, മരുവിലമര്‍ന്ന മരീചിനീരുപോല്‍ നി- ല്പൊരു പൊരുളാം പൊരുളല്ലിതോര്‍ത്തിടേണം. 79 ജനിസമയം സ്ഥിതിയില്ല ജന്‍മിയന്യ- ക്ഷണമതിലില്ലിതിരിപ്പതെപ്രകാരം? ഹനനവുമിങ്ങനെതന്നെയാകയാലേ ജനനവുമില്ലിതു ചിത്പ്രഭാവമെല്ലാം. 80 സ്ഥിതിഗതിപോലെ വിരോധിയായ സൃഷ്ടി- സ്ഥിതിലയമെങ്ങൊരു ദിക്കിലൊത്തു വാഴും? ഗതിയിവ മൂന്നിനുമെങ്ങുമില്ലിതോര്‍ത്താല്‍ ക്ഷിതി മുതലായവ ഗീരു മാത്രമാകും. 81 പ്രകൃതി പിരിഞ്ഞൊരു കൂറു ഭോക്തൃരൂപം സകലവുമായ് വെളിയേ സമുല്ലസിക്കും ഇഹപരമാമൊരു കൂറിദന്തയാലേ വികസിതമാമിതു ഭോഗ്യവിശ്വമാകും. 82 അരണി കടഞ്ഞെഴുമഗ്നിപോലെയാരായ്- വവരിലിരുന്നതിരറ്റെഴും വിവേകം, പരമചിദംബരമാര്‍ന്ന ഭാനുവായ് നി- ന്നെരിയുമതിന്നിരയായിടുന്നു സര്‍വം. 83 ഉടയുമിരിക്കുമുദിക്കുമൊന്നു മാറി- ത്തുടരുമിതിങ്ങുടലിന്‍ സ്വഭാവമാകും, മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ- വിടരറുമൊന്നിതു നിര്‍വികാരമാകും. 84 അറിവതിനാലവനീവികാരമുണ്ടെ- ന്നരുളുമിതോര്‍ക്കിലസത്യമുള്ളതുര്‍വീ; നിരവധിയായ് നിലയറ്റു നില്പതെല്ലാ- മറിവിലെഴും പ്രകൃതിസ്വരൂപമാകും. 85 നിഴലൊരു ബിംബമപേക്ഷിയാതെ നില്പീ- ലെഴുമുലകെങ്ങുമബിംബമാകയാലേ, നിഴലുമതല്ലിതു നേരുമല്ല വിദ്വാ- നെഴുതിയിടും ഫണിപോലെ കാണുമെല്ലാം. 86 തനു മുതലായതു സര്‍വമൊന്നിലൊന്നി- ല്ലനൃതവുമായതിനാലെയന്യഭാഗം അനുദിനമസ്തമിയാതിരിക്കയാലേ പുനരൃതരൂപവുമായ്പ്പൊലിഞ്ഞിടുന്നു. 87 തനിയെയിതൊക്കെയുമുണ്ടു തമ്മിലോരോ- രിനമിതരങ്ങളിലില്ലയിപ്രകാരം തനു മുതലായതു സത്തുമല്ലയോര്‍ത്താ- ലനൃതവുമല്ലതവാച്യമായിടുന്നു. 88 സകലവുമുള്ളതു തന്നെ തത്ത്വചിന്താ- ഗ്രഹനിതു സര്‍വവുമേകമായ് ഗ്രഹിക്കും; അകമുഖമായറിയായ്കില്‍ മായയാം വന്‍- പക പലതും ഭ്രമമേകിടുന്നു പാരം. 89 സകലവുമുള്ളതു തന്നെ തത്ത്വചിന്താ- ഗ്രഹനിതു സര്‍വവുമേകമായ് ഗ്രഹിക്കും; അകമുഖമായറിയായ്കില്‍ മായയാം വന്‍- പക പലതും ഭ്രമമേകിടുന്നു പാരം. 89 അറിവിലിരുന്നസദസ്തിയെന്നസംഖ്യം പൊരിയിളകിബ്ഭുവനം സ്ഫുരിക്കയാലേ അറിവിനെ വിട്ടൊരു വസ്തുവന്യമില്ലെ- ന്നറിയണമീയറിവൈകരൂപ്യമേകും. 90 അനൃതമൊരസ്തിതയേ മറയ്ക്കുകില്ലെ- ന്നനുഭവമുണ്ടു സദസ്തിയെന്നിവണ്ണം അനുപദമസ്തിതയാലിതാവൃതം സദ്- ഘനമതിനാലെ കളേബരാദികാര്യം. 91 പ്രിയവിഷയംപ്രതി ചെയ്തിടും പ്രയത്നം നിയതവുമങ്ങനെ തന്നെ നില്ക്കയാലേ പ്രിയമജമവ്യയമപ്രമേയമേകാ- ദ്വയമിതുതാന്‍ സുഖമാര്‍ന്നു നിന്നിടുന്നു. 92 വ്യയമണയാതെ വെളിക്കു വേലചെയ്യും നിയമമിരിപ്പതുകൊണ്ടു നിത്യമാകും പ്രിയമകമേ പിരിയാതെയുണ്ടിതിന്നീ ക്രിയയൊരു കേവലബാഹ്യലിങ്ഗമാകും. 93 ചലമുടലറ്റ തനിക്കു തന്‍റെയാത്മാ- വിലുമധികം പ്രിയവസ്തുവില്ലയന്യം; വിലസിടുമാത്മഗതപ്രിയം വിടാതീ നിലയിലിരിപ്പതുകൊണ്ടു നിത്യമാത്മാ. 94 ഉലകവുമുള്ളതുമായ്കലര്‍ന്നു നില്കും നില വലുതായൊരു നീതികേടിതത്രേ, അറുതിയിടാനരുതാതവാങ്മനോഗോ- ചരമിതിലെങ്ങു ചരിച്ചിടും പ്രമാണം? 95 വിപുലതയാര്‍ന്ന വിനോദവിദ്യ മായാ- വ്യവഹിതയായ് വിലസുന്ന വിശ്വവീര്യം ഇവളിവളിങ്ങവതീര്‍ണ്ണയായിടും, ത- ന്നവയവമണ്ഡകടാഹകോടിയാകും. 96 അണുവുമഖണ്ഡവുമസ്തി നാസ്തിയെന്നി- ങ്ങനെ വിലസുന്നിരുഭാഗമായി രണ്ടും; അണയുമനന്തരമസ്തി നാസ്തിയെന്നീ- യനുഭവവും നിലയറ്റു നിന്നുപോകും. 97 അണുവറിവിന്‍ മഹിമാവിലങ്ഗമില്ലാ- തണയുമഖണ്ഡവുമന്നു പൂര്‍ണ്ണമാകും; അനുഭവിയാതറിവീലഖണ്ഡമാം ചിദ്- ഘനമിതു മൗനഘനാമൃതാബ്ധിയാകും. 98 ഇതുവരെ നാമൊരു വസ്തുവിങ്ങറിഞ്ഞീ- ലതിസുഖമെന്നനിശം കഥിക്കയാലേ മതി മുതലായവ മാറിയാലുമാത്മ- സ്വതയഴിയാതറിവെന്നു ചൊല്ലിടേണം. 99 അറിവഹമെന്നതുരണ്ടുമേകമാമാ- വരണമൊഴിഞ്ഞവനന്യനുണ്ടു വാദം, അറിവിനെ വിട്ടഹമന്യമാകുമെന്നാ- ലറിവിനെയിങ്ങറിയാനുമാരുമില്ല. 100 അതുമിതുമല്ലസദര്‍ത്ഥമല്ലഹം സ- ച്ചിദമൃതമെന്നു തെളിഞ്ഞു ധീരനായി സദസദിതി പ്രതിപത്തിയറ്റു സത്തോ- മിതി മൃദുവായ് മൃദുവായമര്‍ന്നിടേണം!

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. ആത്മോപദേശശതകം (Atmopadesa Sathakam). Anandham. Text updated 2026-09-24. https://anandham.online/krithis/atmopadesa-sathakam

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.