ഇന്ദ്രിയവൈരാഗ്യം Indriya Vairagyam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/indriya-vairagyam Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=22 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. ഇന്ദ്രിയവൈരാഗ്യം 1 നാദം കടന്നു നടുവേ വിലസുന്ന നിന്മെയ് ചേതസ്സിലായ്വരിക ജന്മമറുന്നതിന്നായ് ബോധം കളഞ്ഞു പുറമേ ചുഴലും ചെവിക്കൊ- രാതങ്കമില്ലടിയനുണ്ടിതു തീര്‍ക്ക ശംഭോ! 2 കാണുന്ന കണ്ണിനൊരു ദണ്ഡവുമില്ല കണ്ടെന്‍- പ്രാണന്‍ വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിന്‍- ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ! 3 ത്വക്കിന്നു ദുഃഖമൊരുനേരവുമില്ലതോര്‍ക്കില്‍ ദുഃഖം നമുക്കു തുടരുന്നു ദുരന്തമയ്യോ! വെക്കം തണുപ്പു വെയിലോടു വിളങ്ങിടും നിന്‍- പോക്കല്‍പ്പൊലിഞ്ഞിടുവതിന്നരുളീടു ശംഭോ! 4 തണ്ണീരുമന്നവുമറിഞ്ഞു തരുന്ന നിന്‍മെയ് വെണ്ണീറണിഞ്ഞു വിലസുന്നതിനെന്തു ബന്ധം? മണ്ണിന്നു തൊട്ടു മതിയന്തമിരുന്നു മിന്നും കണ്ണിന്നു കഷ്ടമിതു നിന്‍റെ വിഭൂതി ശംഭോ! 5 നാവിന്നെഴുന്ന നരകക്കടലില്‍ക്കിടന്നു ജീവന്‍ തളര്‍ന്നു ശിവമേ! കര ചേര്‍ത്തിടേണം ഗോവിന്ദനും നയനപങ്കജമിട്ടു കൂപ്പി മേവുന്നു, നിന്‍മഹിമയാരറിയുന്നു ശംഭോ! 6 നീരും നിരന്ന നിലവും കനലോടു കാറ്റും ചേരും ചിദംബരമതിങ്കലിരുന്നിടും നീ പാരില്‍ കിടന്നലയുമെന്‍ പരിതാപമെല്ലാ- മാരിങ്ങു നിന്നൊടറിയിപ്പതിനുണ്ടു ശംഭോ! 7 നാവിന്നു നിന്‍റെ തിരുനാമമെടുത്തുരച്ചു മേവുന്നതിന്നെളുതിലൊന്നരുളീടണേ നീ ജീവന്‍ വിടുമ്പൊഴതില്‍നിന്നു തെളിഞ്ഞിടും പിന്‍ നാവിന്നു ഭൂഷണമിതെന്നി നമുക്കു വേണ്ടാ. 8 കയ്യൊന്നുചെയ്യുമതുപോലെ നടന്നിടും കാ- ലയ്യോ! മലത്തൊടു ജലം വെളിയില്‍ പതിക്കും പൊയ്യേ പുണര്‍ന്നിടുമതിങ്ങനെ നിന്നു യുദ്ധം ചെയ്യുമ്പൊഴെങ്ങനെ ശിവാ തിരുമെയ് നിനപ്പൂ? 9 ചിന്തിച്ചിടുന്നു ശിവമേ! ചെറുപൈതലാമെന്‍ ചിന്തയ്ക്കു ചേതമിതുകൊണ്ടൊരുതെല്ലുമില്ലേ സന്ധിച്ചിടുന്ന ഭഗവാനൊടു തന്നെ ചൊല്ലാ- തെന്തിങ്ങുനിന്നുഴറിയാലൊരു സാദ്ധ്യമയ്യോ! 10 അയ്യോ! കിടന്നലയുമിപ്പുലയര്‍ക്കു നീയെന്‍- മെയ്യോ കൊടുത്തു വിലയായ് വിലസുന്നു മേലില്‍ കയ്യൊന്നു തന്നു കരയേറ്റണമെന്നെയിന്നീ- പ്പൊയ്യിങ്കല്‍നിന്നു പുതുമേനി പുണര്‍ന്നിടാനായ്.