ജനനീ നവരത്ന മഞ്ജരി Janani Navaratna Manjari Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/janani-navaratna-manjari Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=9 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. ജനനീ നവരത്നമഞ്ജരി 1 ഒന്നായ മാമതിയില്‍നിന്നായിരം ത്രിപുടി വന്നാശുതന്‍മതി മറ- ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലി- ലൊന്നായി വീണുവലയും എന്നാശയം ഗതിപെറും നാദഭൂമിയില- മര്‍ന്നാവിരാഭപടരും- ചിന്നാഭിയില്‍ ത്രിപുടിയെന്നാണറുംപടി കലര്‍ന്നാറിടുന്നു ജനനീ! 2 ഇല്ലാതമായയിടുമുല്ലാസമൊന്നുമറി- വല്ലാതെയില്ലനിലനും കല്ലാഴിയും കനലുമല്ലാതെ ശൂന്യമതു- മെല്ലാമൊരാദിയറിവാം തല്ലാഘവം പറകിലില്ലാരണംക്രിയകള്‍ മല്ലാടുകില്ല മതിയീ സല്ലാഭമൊന്നുമതിയെല്ലാവരും തിരയു- മുല്ലാഘബോധജനനീ! 3 ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു കണ്ടാടുമങ്ഗമകവും- കൊണ്ടായിരംതരമിരുണ്ടാശയം പ്രതിചു- രുണ്ടാ മഹസ്സില്‍ മറയും കണ്ടാലുമീ നിലയിലുണ്ടാകയില്ലറിവ- ഖണ്ഡാനുഭൂതിയിലെഴും തണ്ടാരില്‍ വീണു മധുവുണ്ടാരമിക്കുമൊരു വണ്ടാണു സൂരി സുകൃതീ. 4 ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണി നാരായിടുന്നു, കുടവും പാരായിടുന്നതിനു നേരായിടുന്നുലക- മോരായ്കിലുണ്ടഖിലവും, വേരായ നിന്‍കഴലിലാരാധനം തരണ- മാരാലിതിന്നൊരു വരം നേരായി വന്നിടുക വേറാരുമില്ല ഗതി ഹേ! രാജയോഗജനനീ! 5 മേലായ മൂലമതിയാലാവൃതം ജനനി! നീ ലാസ്യമാടിവിടുമീ കീലാലവായ്വനലകോലാഹലം ഭുവന- മാലാപമാത്രമഖിലം; കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു ലീലാപടം ഭവതിമെയ്- മേലാകെ മൂടുമതിനാലാരുമുള്ളതറി- വീലാഗമാന്തനിലയേ! 6 മീനായതും ഭവതി മാനായതും ജനനി നീ നാഗവും നഗഖഗം- താനായതും ധര നദീ നാരിയും നരനു- മാ നാകവും നരകവും നീ നാമരൂപമതില്‍ നാനാവിധപ്രകൃതി- മാനായി നിന്നറിയുമീ ഞാനായതും ഭവതി ഹേ നാദരൂപിണിയ- ഹോ! നാടകം നിഖിലവും. 7 എന്‍ പാപമെയ്വതിനൊരമ്പായിടുന്നറിവു നിന്‍ പാദതാരിലെഴുമെ- ന്നന്‍പാണു മൗര്‍വിയൊരിരുമ്പാം മനം ധനുര- ഹംഭാവിയാണു വിജയീ അംബാ തരുന്നു വിജയം പാപപങ്കിലമ- ഹംഭാനമാകുമതിനാല്‍ വന്‍ ഭാരമാര്‍ന്ന തനുവും ഭാനമാമുലക- വും ഭാനമാകുമഖിലം. 8 സത്തായി നിന്നുപരി ചിത്തായി രണ്ടുമൊരു മുത്തായി മൂന്നുമറിയും ഹൃത്തായി നിന്നതിനു വിത്തായി വിണ്ണൊടു മ- രുത്തായി ദൃഷ്ടി മുതലായ് കൊത്തായിടും വിഷയവിസ്താരമന്നമതി- നത്താവുമായി വിലസും സിദ്ധാനുഭൂതിയിലുമെത്താതെയാമതിമ- ഹത്തായിടും ജനനി! നീ. 9 ഭൂവാദി ഭൂതമതിനാവാസമില്ല വെറു- മാഭാസമാമിതറിവി- ന്നാഭാവിശേഷമിതിനാവാസമിങ്ങുലകി- ലാപാദിതം ഭവതിയാല്‍ നാവാദി തന്‍ വിഷയിതാവാസമറ്റ ഭവ- ദാവാസമാകെ വിലസും ദ്യോവാണതിന്‍റെ മഹിമാവാരറിഞ്ഞു ജന- നീ! വാഴ്ത്തുവാനുമരുതേ!