ജാതി ലക്ഷണം Jathi Lakshanam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/jathi-lakshanam Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=34 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. ജാതിലക്ഷണം 1 പുണര്‍ന്നു പെറുമെല്ലാമൊ- രിനമാം പുണരാത്തതു ഇനമല്ലിനമാമിങ്ങൊ- രിണയാര്‍ന്നൊത്തു കാണ്‍മതും. 2 ഓരോയിനത്തിനും മെയ്യു- മോരോ മാതിരിയൊച്ചയും മണവും ചുവയും ചൂടും തണുവും നോക്കുമോര്‍ക്കണം. 3 തുടര്‍ന്നോരോന്നിലും വെവ്വേ- റടയാളമിരിക്കയാല്‍ അറിഞ്ഞീടുന്നു വെവ്വേറേ പിരിച്ചോരോന്നുമിങ്ങു നാം. 4 പേരൂരു തൊഴിലീ മൂന്നും പോരുമായതു കേള്‍ക്കുക! ആരു നീയെന്നു കേള്‍ക്കേണ്ടാ നേരു മെയ്തന്നെ ചൊല്കയാല്‍. 5 ഇനമാര്‍ന്നുടല്‍ താന്‍ തന്‍റെ- യിനമേതെന്നു ചൊല്‍കയാല്‍ ഇനമേതെന്നു കേള്‍ക്കില്ല നിനവും കണ്ണുമുള്ളവര്‍. 6 പൊളി ചൊല്ലുന്നിനം ചൊല്വ- തിഴിവെന്നു നിനയ്ക്കയാല്‍, ഇഴിവില്ലിനമൊന്നാണു പൊളി ചൊല്ലരുതാരുമേ. 7 ആണും പെണ്ണും വേര്‍തിരിച്ചു കാണുംവണ്ണമിനത്തെയും കാണണം കുറികൊണ്ടിമ്മ- ട്ടാണു നാമറിയേണ്ടത്. 8 അറിവാമാഴിയില്‍ നിന്നു വരുമെല്ലാവുടമ്പിനും കരുവാണിന,മീ നീരിന്‍ നിരതാന്‍ വേരുമായിടും. 9 അറിവാംകരുവാന്‍ ചെയ്ത കരുവാണിനമോര്‍ക്കുകില്‍ കരുവാര്‍ന്നിനിയും മാറി വരുമീ വന്നതൊക്കെയും. 10 ഇനമെന്നിതിനെച്ചൊല്ലു- ന്നിന്നതെന്നറിയിക്കയാല്‍ ഇനമില്ലെങ്കിലില്ലൊന്നു- മിന്നതെന്നുള്ളതൂഴിയില്‍.