ജീവകാരുണ്യ പഞ്ചകം Jeevakarunya Panchakam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/jeevakarunya-panchakam Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=36 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. ജീവകാരുണ്യപഞ്ചകം 1 എല്ലാവരുമാത്മസഹോദരരെ- ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം? കൊല്ലുന്നതുമെങ്ങനെ ജീവികളെ- ത്തെല്ലും കൃപയറ്റു ഭുജിക്കയതും? 2 കൊല്ലാവ്രതമുത്തമമാമതിലും തിന്നാവ്രതമെത്രയുമുത്തമമാം എല്ലാ മതസാരവുമോര്‍ക്കിലിതെ- ന്നല്ലേ പറയേണ്ടതു ധാര്‍മ്മികരേ? 3 കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ- മല്ലീ വിധിയാര്‍ക്കു ഹിതപ്രദമാം? ചൊല്ലേണ്ടതു ധര്‍മ്മ്യമിതാരിലുമൊ- ത്തല്ലേ മരുവേണ്ടതു സൂരികളേ? 4 കൊല്ലുന്നവനില്ല ഭൂജിപ്പതിനാ- ളില്ലെങ്കിലശിക്കുക തന്നെ ദൃഢം, കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം കൊല്ലുന്നതില്‍ നിന്നുമുരത്തൊരഘം. 5 കൊല്ലായ്കിലവന്‍ ഗുണമുള്ള പുമാ- നല്ലായ്കില്‍ മൃഗത്തൊടു തുല്യനവന്‍ കൊല്ലുന്നവനില്ല ശരണ്യത മ- റ്റെല്ലാവക നന്മയുമാര്‍ന്നിടിലും.