കോലതിരേശസ്‌തവം Kolathiresa Sthavam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/kolathiresa-sthavam Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=24 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. കോലതീരേശസ്തവം 1 കാലാശ്രയമെന്നായണയുന്നോര്‍ക്കനുകൂലന്‍ ഫാലാക്ഷനധര്‍മ്മിഷ്ഠരിലേറ്റം പ്രതികൂലന്‍ പാലിക്കണമെന്നെപ്പരിചോടിന്നു കുളത്തൂര്‍ കോലത്തുകരക്കോവിലില്‍വാഴും പരമേശന്‍. 2 ഈ ലോകമശേഷം ക്ഷണമാത്രേണ സൃജിച്ചാ- രാലോകനമാത്രേണ ഭരിക്കുന്നനുവേലം ഈ ലീലകളാടുന്നവനാണ്ടീടണമെന്നെ കോലത്തുകരക്കോവിലില്‍വാഴും പരമേശന്‍. 3 സര്‍വ്വാശ്രയമെങ്ങും നിറയുന്നോനപി ഭക്തര്‍- ക്കിവ്വാറൊരുരൂപം ഭജനത്തിന്നുധരിപ്പോന്‍ ആലസ്യമൊഴിച്ചപ്പരബോധം തരണം മേ കോലത്തുകരക്കോവിലില്‍വാഴും പരമേശന്‍. 4 ഈ ലോചനമാദീന്ദ്രിയമേതെങ്കിലുമൊന്നി- ങ്ങാലോചനകൂടാതപഥത്തിങ്കലണഞ്ഞാല്‍ ആ ലാക്കിലുടന്‍ സന്മതിതോന്നിക്കുകെനിക്കെന്‍- കോലത്തുകരക്കോവിലില്‍വാഴും പരമേശന്‍. 5 കൈകാല്‍മുതലാമെന്നുടെയങ്ഗങ്ങളിലൊന്നും ചെയ്യാതൊരു സത്കര്‍മ്മമൊഴിഞ്ഞങ്ങവിവേകാല്‍ വയ്യാത്തതു ചെയ്യാന്‍ തുനിയാതാക്കുകവേണം കോലത്തുകരക്കോവിലില്‍വാഴും ഭഗവാനേ! 6 രോഗാദികളെല്ലാമൊഴിവാക്കീടുകവേണം ഹേ! കാമദ, കാമാന്തക, കാരുണ്യപയോധേ! ഏകീടണമേ സൗഖ്യമെനിക്കന്‍പൊടു ശംഭോ! കോലത്തുകരക്കോവിലില്‍വാഴും ഭഗവാനേ! 7 ദാരിദ്ര്യമഹാദുഃഖമണഞ്ഞീടരുതെന്നില്‍ ദൂരത്തകലേണം മദമെന്നും സുജനാനാം ചാരത്തുവസിപ്പാനൊരു ഭാഗ്യം വരണം, ശ്രീ- കോലത്തുകരക്കോവിലില്‍വാഴും ഭഗവാനേ! 8 ചാപല്യവശാല്‍ ചെയ്തൊരു പാപങ്ങള്‍ പൊറുത്തെന്‍- താപങ്ങളൊഴിച്ചാളണമെന്നല്ലിനി നിത്യം പാപാപഹമാം നിന്‍പദമോര്‍ക്കായ്വരണം മേ കോലത്തുകരക്കോവിലില്‍വാഴും ഭഗവാനേ! 9 ധാതാവിനുമാമാധവനും കൂടിയമേയം വീതാവധി നിന്‍ വൈഭവമാരാണുരചെയ്വാന്‍? ഏതാനുമിവന്നുള്ളഭിലാഷങ്ങള്‍ പറഞ്ഞേന്‍ കോലത്തുകരക്കോവിലില്‍വാഴും ഭഗവാനേ! 10 മാലുണ്ടതുരയ്പ്പാന്‍ കഴിവില്ലാശ്ശിശുവിന്‍റെ പോലിങ്ങു നിരര്‍ത്ഥധ്വനിയാണെന്‍റെ പുലമ്പല്‍ ആലംബനമാമെങ്കിലുമംബാസമമിന്നെന്‍- കോലത്തുകരക്കോവിലില്‍വാഴും പരമേശന്‍.