മനനാതീതം Mananatheetham Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/mananatheetham Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=19 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. മനനാതീതം (വൈരാഗ്യദശകം) 1 കരുങ്കുഴലിമാരൊടു കലര്‍ന്നുരുകിയപ്പൂ- ങ്കുരുന്നടിപിരിഞ്ഞടിയനിങ്ങു കുഴയുന്നു; പെരുംകരുണയാറണിയുമയ്യനെ മറന്നി- ത്തുരുമ്പനിനിയെന്തിനുയിരോടു മരുവുന്നു? 2 മരുന്നു തിരുനാമമണിനീറൊടിതു മന്നില്‍ തരുന്നു പല നന്മ തടവീടുമടി രണ്ടും വരുന്ന പല ചിന്തകളറുന്നതിനുപായാ- ലിരന്നിതു മറന്നുകളയായ്വതിനടുത്തേന്‍. 3 അടുത്തവരൊടൊക്കെയുമെതിര്‍ത്തുപൊരുതീടും പടത്തലവിമാരൊടു പടയ്ക്കടിയനാളോ? എടുത്തരികിരുത്തിയരുളേണമിനിയും പൊ- ന്നടിത്തളിര്‍മറന്നിവിടെയെന്തിനലയുന്നു? 4 അലഞ്ഞു മുലയുംതലയുമേന്തിയകതാരില്‍ കലങ്ങിയെഴുമാഴിയുമഴിഞ്ഞരിയ കണ്ണും വിളങ്ങി വിളയാടി നടകൊള്ളുമിവരോടി- മ്മലങ്ങളൊഴുകും കുടിലിലാണു വലയുന്നു. 5 വളഞ്ഞു വലകെട്ടി മദനപ്പുലയനുള്ളും കളഞ്ഞതിലകപ്പറവ വീണു വലയുന്നു; വളഞ്ഞകുഴലോടുമുലയുന്ന മിഴിയിന്നും വിളഞ്ഞതതിലെന്തിനു കിടന്നു ചുഴലുന്നു? 6 ചുഴന്നുവരുമാളുകളെയൊക്കെ വിലകൊണ്ടി- ങ്ങെഴുന്നണയുമെന്നൊരറിവുണ്ടടിയനിന്നും ഉഴന്നവരിലുള്ളമലയാതിവിടെയൊന്നായ്- ത്തൊഴുന്നു തുയരോടിവിടെ നിന്നടിയിണയ്ക്കായ്. 7 ഇണങ്ങിയിരുകൊങ്കയുമിളക്കിയുയിരുണ്ണും പിണങ്ങളൊടു പേടി പെരുതായി വിളയുന്നു മണംമുതലൊരഞ്ചിലുമണഞ്ഞു വിളയാടും പിണങ്ങളൊടു ഞാനൊരു കിനാവിലുമിണങ്ങാ. 8 ഇണങ്ങണമെനിക്കരുളിലെന്തിനു കിടന്നീ ഗുണങ്ങളൊഴിയും കുലടമാരൊടലയുന്നു; പിണഞ്ഞു പുണരും പെരിയ പേയടിയൊടേ പോയ് മണങ്ങളുമറുന്നതിനിതാ മുറയിടുന്നു. 9 മുറയ്ക്കുമുറ മിന്നിമറയും മിഴിയിളക്കി- ത്തെറിക്കുമൊരു പെണ്‍കൊടി ചെറുത്തടിയിലാക്കി മറുത്തു വിളയാടി മരുവുന്നിടയിലെല്ലാം വെറുത്തു വരുവാനെഴുതി നിന്തിരുവടിക്കായ്. 10 അയയ്ക്കരുതിനിച്ചടുലലോചനയൊടപ്പൊന്‍- ശയത്തളിരിലേന്തിയടിയോടവനിയിന്മേല്‍ മയക്കവുമറുത്തു മണിമേനിയിലണച്ചീ- ടയ്ക്കരുതയയ്ക്കരുതനങ്ഗരിപുവേ! നീ. )