സദാശിവദർശനം Sadasiva Darsanam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/sadasiva-darsanam Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=16 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. സദാശിവദര്‍ശനം 1 മണംതുടങ്ങിയെണ്ണി മണ്ണിലുണ്ണുമെണ്ണമൊക്കെയ- റ്റിണങ്ങി നില്ക്കുമുള്‍ക്കുരുന്നുരുക്കി നെക്കിനക്കിടും ഗുണം നിറഞ്ഞ കോമളക്കുടത്തിലന്നുമിന്നുമി- ന്നിണങ്ങളങ്ങുമിങ്ങുമെങ്ങുമില്ല നല്ല മങ്ഗളം. 2 കളം കറുത്ത കൊണ്ടലുണ്ടിരുണ്ട കൊണ്ടകണ്ടെഴും- കളങ്കമുണ്ട കണ്ടനെങ്കിലും കനിഞ്ഞുകൊള്ളുവാന്‍ ഇളംപിറക്കൊഴുന്നിരുന്നു മിന്നുമുന്നതത്തല- ക്കുളം കവിഞ്ഞ കോമളക്കുടം ചുമന്ന കുഞ്ജരം. 3 'അരം'തിളച്ചുപൊങ്ങുമാടലാഴി നീന്തിയേറിയ- ക്കരെക്കടന്നു കണ്ടപോതഴിഞ്ഞൊഴിഞ്ഞു നിന്ന നീ ചുരന്നു ചൂഴവും ചൊരിഞ്ഞിടുന്ന സൂക്തി കണ്ടുക- ണ്ടിരന്നു നിന്നിടുന്നിതെന്‍മുടിക്കു ചൂടുമീശനേ! 4 ശനൈരുയര്‍ന്നുയര്‍ന്നു വന്നുനിന്നു കൊന്നുതിന്നിടും ദിനംദിനം ദിനേശനിന്ദുവെന്നു രണ്ടു കന്ദുകം മനം കവിഞ്ഞു മാറിയാടുമങ്ങുമണ്ണൊടെണ്ണുമീ ജനം നിനയ്ക്കുമൊക്കെയും ജയിക്കുമാദിദൈവമേ! 5 ദൈവമേ! നിനയ്ക്ക നീയും ഞാനുമൊന്നുതന്നെയെന്നു കൈവരുന്നതിന്നിതെന്നിയടിയനില്ല കാംക്ഷിതം ശൈവമൊന്നൊഴിഞ്ഞു മറ്റുമുള്ളതൊക്കെയങ്ങുമിങ്ങു- മായ്വലഞ്ഞുഴന്നിടുന്ന വഴിയതും നിനയ്ക്കില്‍ നീ. 6 നിനയ്ക്കിലിന്ദുചൂഡനൊന്നുതന്നെ നീയൊഴിഞ്ഞു മ- റ്റെനിക്കു ദൈവമില്ല പൊന്‍വിളക്കിളയ്ക്കുമാഴിയേ! മനം തുടങ്ങിയെണ്ണുമെണ്ണമൊക്കെ നെക്കിനക്കിടും കനം കുറഞ്ഞ മേനിയേ! കനിഞ്ഞുവന്ന കന്നലേ! 7 നിലം നിലിമ്പരാറു പാമ്പെലുമ്പൊടമ്പിളിക്കല- ത്തിലം വിളങ്ങിടുന്ന ചെഞ്ചിടയ്ക്കിടയ്ക്കണഞ്ഞിടും ചിലങ്ക കണ്ടു ചഞ്ചലപ്പെടും മുഖം മലര്‍ന്ന പൂ- ങ്കുലയ്ക്കു കുമ്പിടുംപടിക്കിനിക്കനിഞ്ഞു കൂറു നീ. 8 കനിഞ്ഞുമണ്ണുമപ്പുമപ്പുറം കലര്‍ന്ന കാറ്റൊട- ങ്ങണഞ്ഞു വിണ്ണിലന്നുമിന്നുമൊന്നിരുന്നു മിന്നിടും മണം കലര്‍ന്ന മേനിയേതതിന്നു നീ മലര്‍ന്നിടും മണിക്കു മാനമില്ല, മല്ലിടുന്നൊരല്ലുമില്ലിതില്‍. 9 ഇതില്‍ക്കിടന്നുകേണുവാണു നാള്‍കഴിഞ്ഞിടുന്നിനി- ക്കിതില്‍പരം നിനയ്ക്കിലെന്തു വന്നിടുന്നു സങ്കടം? മതിക്കൊഴുന്നണിഞ്ഞിടുന്ന മന്നവാ! കനിഞ്ഞുമു- ന്മതിക്കുടം കവിഞ്ഞു പായുമാറു ചൂടിയാടു നീ. 10 അടിക്കു പന്നി പോയി നിന്മുടിക്കൊരന്നവും പറ- ന്നടുത്തു കണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ! എടുത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടന്‍ നടിച്ചിടും നമശ്ശിവായ നായകാ! നമോ നമഃ.