ഷണ്മുഖസ്‌തോത്രം Shanmukha Sthothram Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/shanmukha-sthothram Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=11 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. ഷണ്‍മുഖസ്തോത്രം 1 അര്‍ക്കബിംബമൊരാറുദിച്ചുയരുന്നപോലെവിളങ്ങിടും തൃക്കിരീട ജടയ്ക്കിടയ്ക്കരവങ്ങളമ്പിളിതുമ്പയും ദുഷ്കൃതങ്ങളകറ്റുവാനൊഴുകീടുമംബരഗംഗയും ഹൃത്ക്കുരുന്നിലെനിക്കുകാണണമെപ്പൊഴും ഗുഹ! പാഹിമാം. 2 ആറുവാര്‍മതിയോടെതിര്‍ത്തുജയിച്ചിടുംതിരുനെറ്റിമേ- ലാറിലുംമദനംപൊരിച്ച വലിപ്പമുള്ളൊരുകണ്‍കളും കൂറൊടും നിജഭക്തരക്ഷ വരുത്തുവാനിളകീടുമ- ക്കാര്‍തൊഴും പുരികങ്ങളുംമമകാണണം ഗുഹ! പാഹിമാം. 3 ഇന്ദുബിംബ വിഭാവസുക്കളിടംവലം നയനങ്ങളാ- മിന്ദുബിംബമുഖങ്ങളും തിരുനാസികാവലിയും തഥാ കര്‍ണ്ണകുണ്ഡലമണ്ഡലീകൃത ഗണ്ഡപാളിയുമെന്നുടേ കണ്ണിണയ്ക്കതിഥീഭവിയ്ക്കണമെപ്പൊഴും ഗുഹ! പാഹിമാം. 4 ഈശ, നിന്‍ പവിഴംതൊഴും രദനച്ഛദങ്ങളുമുല്ലസത്- കേശപേശലദന്തതാടികളും കറുത്ത ഗളങ്ങളും ഭാസുരാകൃതി കൈകളില്‍ തിരുവായുധങ്ങളൊടും മമ ക്ലേശനാശനസിദ്ധയേ വരികാശു ഷണ്‍മുഖ! പാഹിമാം. 5 ഉള്ളിലുള്ളൊരു ദോഷഭാരമൊഴിപ്പതിന്നതി സൗരഭം വെള്ളിമുത്തുപളുങ്കൊടൊത്തുകൊരുത്തുചാര്‍ത്തിയമാറിടം വള്ളിതന്‍മണവാള,നിന്നുദരാഭയും തിരുനാഭിയും ഉള്ളിലാകണമെപ്പൊഴും പരിശുദ്ധയേ ഗുഹ! പാഹിമാം. 6 ഊഢകാന്തികലര്‍ന്നിടും ത്രിവലിക്കടിക്കു കടിസ്ഥലാ- രൂഢകാഞ്ചനകാഞ്ചിസഞ്ചിതചേലയും കടിസൂത്രവും രൂഢമായ് വിലസുന്നതൃത്തുട മുട്ടടുത്ത കണങ്കഴല്‍- പ്രൗഢിയും മമ കാണണംപരിചോടു ഷണ്‍മുഖ! പാഹിമാം. 7 ഋക്ഷവത്ക്കുതികൊള്ളുമെന്‍മനമിക്കണക്കു വരാതിനി രക്ഷചെയ്വതിനൊച്ചയുള്ള ചിലമ്പിടുംനരിയാണിയും പക്ഷിവാഹനഭാഗിനേയ, മയൂരപൃഷ്ഠമമര്‍ന്നു വ- ന്നക്ഷിഗോചരമായ്വിളങ്ങണമെപ്പൊഴും ഗുഹ! പാഹിമാം 8 ഋൗണബന്ധമെനിക്കിനിക്കനവിങ്കലും കരുതേണ്ടമത്- പ്രാണനാഥ! ഭവത്പദപ്രപദത്തിലെത്തുകിലാമയം ക്ഷീണമായ് മരുവും സരോരുഹ ശോഭതേടിന പാദവും കാണണം പദവിക്രമങ്ങള്‍ നഖങ്ങളും ഗുഹ! പാഹിമാം. 9 ലുപ്തപിണ്ഡ പിതൃപ്രതിക്രിയചെയ്വതിന്നുമിതൊന്നിനും ക്ലിപ്തമില്ലയെനിക്കു താവക പാദസേവനമെന്നിയേ ലബ്ധവിദ്യനിവന്‍ ഭവത്കൃപയുണ്ടിതെങ്കിലനന്യസം- തൃപ്തിയും പദഭക്തിയും വരുമാശു ഷണ്‍മുഖ! പാഹിമാം. 10 ലൂതമുള്ളിലിരുന്ന നൂലു വലിച്ചുനൂത്തുകളിച്ചതും സാദരം തനതുള്ളിലാക്കി രമിച്ചിടുംപടി മായയാ ഭൂതഭൗതികമൊക്കെയും പതിവായെടുത്തുഭരിച്ചഴി- ച്ചാദിമുച്ചുടരായ് വിളങ്ങുമനന്ത ഷണ്‍മുഖ! പാഹിമാം. 11 എട്ടുചുറ്റൊടു മോക്ഷമാര്‍ഗ്ഗമടച്ചു മേവിന കുണ്ഡലി- ക്കെട്ടറുത്തുകിളര്‍ന്നു മണ്ഡലവുംപിളര്‍ന്നു ഭവത്പദം തുഷ്ടിയോടുപിടിപ്പതിന്നരുളുന്നതെന്നുഭവാബ്ധിയില്‍ പ്പെട്ടുപോകരുതിന്നിയും ഭഗവാനെ, ഷണ്‍മുഖ! പാഹിമാം. 12 ഏതുമൊന്നു ഭവാനൊഴിഞ്ഞടിയന്നൊരാശ്രയമാരുമീ- ഭൂതലത്തിലുമെങ്ങുമില്ല കൃപാനിധേ കരുതേണമേ! 'കാതിലോല'യിതെന്നുചിന്ത തുടര്‍ന്നിടും മയി സന്തതം ഭാതി യാവദനങ്ഗദാഹികടാക്ഷമഗ്നിജ! പാഹിമാം. 13 ഐശബീജമതിങ്കല്‍ നിന്നുളവായ നിന്തിരുമേനിയി- ങ്ങാശുശുക്ഷണി മിന്നലോടുപമിക്കുമിന്നികടത്തിലും നാശഹീനനതാമഗസ്ത്യമുനീന്ദ്രസന്നിധിയിങ്കല്‍ നി- ന്നാശിഷാ ഗുരുനാഥനായ കണക്കു ഷണ്‍മുഖ! പാഹിമാം. 14 ഒന്നുപൊലഖിലാണ്ഡകോടിയകത്തടച്ചതിനുള്ളിലും തന്നകത്തിലുമെങ്ങുമൊക്കെനിറഞ്ഞുതിങ്ങിവിളങ്ങിടും നിന്നരുള്‍ക്കൊരിടം കൊടുപ്പതിനൊന്നുമില്ലയിതെപ്പൊഴോ നിന്നില്‍നിന്നരുള്‍കൊണ്ടു ജാതമിതൊക്കെയും ഗുഹ! പാഹിമാം. 15 ഓമിതി പ്രണവപ്രനഷ്ടകലിപ്രദോഷ മനസ്സില്‍ നി- ന്നോമനപ്പുതുമേനികണ്ടു കരംകുവിപ്പതിനാശയാ പൂമണം ബുധപൂജിതംപെരുമാറുമങ്ഘ്രിസരോരുഹേ നാമനം വിതനോമി നാശവിഹീന ഷണ്മുഖ! പാഹിമാം. 16 ഔഡുമണ്ഡലമധ്യവര്‍ത്തിയതാം ശശാങ്കനിഭന്‍ ഭവാന്‍ കൈടഭാരിസരോരുഹാസന ദേവതാസു മഹാമതേ ഐഡഭാവമൊഴിക്കുമേതവ തൃച്ചിലമ്പൊലികേള്‍ക്കുവാ- നീഡയാമിഭവത്പദാംബുജമെപ്പൊഴും ഗുഹ! പാഹിമാം. 17 അംബുധിത്തിരയും തിരക്കുമിളപ്രവാഹവുമൊക്കെയോ- രംബുരാശിയതായടങ്ങിയൊടുങ്ങിടുംപടിനിന്നില്‍ നി- ന്നംബ, പൊങ്ങിമറിഞ്ഞുയര്‍ന്നുമറഞ്ഞിടുന്നഖിലാണ്ഡവും അംബയാ സഹ വര്‍ത്തമാന വിജന്മഷണ്മുഖ! പാഹിമാം. 18 അല്ലിലും പകലും ഭവത്പദപല്ലവങ്ങളിലല്ലയോ ചൊല്ലിയിങ്ങനെ സൗമ്യമാം മുതലുള്ളടക്കിയിരിപ്പതും കൊല്ലുവാന്‍കൊലയാനപോലെയണഞ്ഞിടും മലമായയേ വെല്ലുവാനൊരു മന്ത്രമിങ്ങരുളീടു ഷണ്മുഖ! പാഹിമാം. 19 കഷ്ടമിക്കലിയില്‍ക്കിടന്നുഴലുന്നതൊക്കെയുമങ്ങുസ- ന്തുഷ്ടനായ് സുഖമോടു കണ്ടുരസിച്ചിരിക്കുക യോഗ്യമോ? ക്ലിഷ്ടതയ്ക്കൊരിടംകൊടുക്കണമെന്നുനിന്തിരുവുള്ളിലു- ണ്ടിഷ്ടമെങ്കിലടിക്കടുത്തിടുമെന്നിലോ ഗുഹ! പാഹിമാം.