ശിവസ്തവം(പ്രപഞ്ച സൃഷ്ടി) Siva Sthavam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/siva-sthavam Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=23 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. ശിവസ്തവം (പ്രപഞ്ചസൃഷ്ടി) 1 ചെവി മുതലഞ്ചുമിങ്ങു ചിതറാതെ മയങ്ങി മറി- ഞ്ഞവിടെയിരുന്നു കണ്ടരിയ കണ്ണിലണഞ്ഞഴിയും ഇവകളിലെങ്ങുമെണ്ണവുമടങ്ങി നിറഞ്ഞു പുറം കവിയുമതേതതിന്‍റെ കളി കണ്ടരുളീടകമേ! 2 അകമുടലിന്നുമിന്ദ്രിയമൊടുള്ളമഴിഞ്ഞെഴുമീ- പ്പകലിരവിന്നുമാദിയിലിരുന്നറിയുന്നറിവാം നകയിലിതൊക്കെയും ചുഴലവും തെളിയുന്ന നമു- ക്കകുടിലവൈഭവങ്ങളിലടങ്ങിയിരുന്നരുളാം. 3 അരുളിലണഞ്ഞിരുള്‍ത്തിര മുഴങ്ങിയെഴുന്ന കുളുര്‍- ന്നുരുമിഴി നാവിലമ്മണമുണര്‍ന്നതൊടും പിരിയും അര നിമിഷത്തിലിങ്ങിതിലിരുന്നു തികഞ്ഞു വരും ദുരിതസമുദ്ര,മിമ്പമിതിലെങ്ങു നമുക്കു ശിവ? 4 ശിവ! ശിവ! മാത്രയില്‍ പലതരം ചിതറുന്നു വെളി- ക്കിവകളിലെങ്ങുമിങ്ങിതമറിഞ്ഞു നിറഞ്ഞരുളും- ശിവ! ഭഗവാനെയും ചിതറുമാറു തികഞ്ഞു വരു- ന്നിവരൊടു പോരിനിന്നിയരുതേ കരുണാലയമേ! 5 അലയുമിതൊക്കെയും കപടനാടകമെന്നറിയും നിലയിലിരുന്നറിഞ്ഞഴിവതിന്നു നിനയ്ക്കുക നീ; തലയിലെഴും തരങ്ഗനിര തള്ളി നിറഞ്ഞുമറ- ഞ്ഞലര്‍ശരവൈരി,നിന്നുടെ പദങ്ങളിലെങ്ങിനിയാം? 6 ഇനിയലയാതെ നിന്തിരുവടിക്കടിയന്‍ ദിനവും മനമലരിട്ടു കുമ്പിടുമിതിങ്ങറിയുന്നതു നീ; ജനനമെടുത്തു ഞാനിതുകളില്‍ പലതായി വല- ഞ്ഞനിശമെനിക്കിവണ്ണമൊരു വേദനയില്ല പരം. 7 അപരമിതൊക്കെയും പരിചയിക്കുമതിങ്കലിരു- ന്നപജയമായണഞ്ഞതിതു കണ്ടറി നീ മനമേ! ജപപടമങ്ഗമാമിതിലിരുന്നു ജപിക്കുകിലി- ങ്ങുപരതി വന്നുചേരുമകതാരിലൊരിമ്പമതാം. 8 അതുമിതുമെന്നുമുന്നുക നിമിത്തമിതിങ്കലെഴും- പതി പശു പാശമിങ്ങിതു പരമ്പരയായഴിയും മതി കതിരോടു മണ്ണൊളി വിയത്തനിലന്‍ ജലവും പതിയുടെ രൂപമെന്നിഹ നമിച്ചു പദം പണിയാം. 9 പണി പലതായ് വരുന്ന കനകത്തിലിരുന്നതുപോ- ലണിമിഴികൊണ്ടു നിര്‍മ്മിതമിതൊക്കെയുമത്ഭുതമാം അണിയണമെന്നെ നിന്തിരുവടിക്ക,ടിയന്‍മലരാ- മണിയണിയായ് നിരന്നു തിരയറ്റുയരും കടലേ! 10 കടലിലെഴും തരങ്ഗനിരപോലെ കലങ്ങി വരു- ന്നുടനുടനുള്ളഴിഞ്ഞു പല പറ്റൊഴിയുന്നതുപോല്‍ ഘടപടമെന്നെടുത്തിഹ തൊടുത്തു വഴക്കിടുമീ കുടമുടയുന്നതിന്നകമെടുത്തരുളീടണമേ!