സുബ്രമണ്യകീർത്തനം Subrahmanya Keerthanam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/subrahmanya-keerthanam Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=13 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. സുബ്രഹ്മണ്യകീര്‍ത്തനം 1 അന്തിപ്പൂന്തിങ്കളുന്തിത്തിരുമുടിതിരുകി- ച്ചൂടിയാടും ഫണത്തിന്‍- ചന്തം ചിന്തും നിലാവിന്നൊളിവെളിയില്‍ വിയദ് ഗംഗ പൊങ്ങിക്കവിഞ്ഞും ചന്തച്ചെന്തീമിഴിച്ചെങ്കതിര്‍നിര ചൊരിയി- ച്ചന്ധകാരാനകറ്റി- ച്ചിന്താസന്താനമേ, നിന്തിരുവടിയടിയന്‍- സങ്കടം പോക്കിടേണം. 2 പച്ചക്കള്ളം വിതററിപ്പഴവിന കുടികെ- ട്ടിക്കിടക്കുന്നൊരിമ്മെ- യ്യെച്ചില്‍ച്ചോറുണ്ടിരപ്പോടൊരു വടിയുമെടു- ത്തോടി മൂടറ്റിടും മുന്‍ പച്ചപ്പൊന്‍മൈലിലേറിപ്പരിചിനൊടെഴുന്ന- ള്ളിപ്പടിക്കല്‍ കിടക്കും പിച്ചക്കാരന്നു വല്ലോമൊരു ഗതി തരണേ മറ്റെനിക്കാരുമില്ലേ! 3 ജ്യോതിശ്ചക്രം കണക്കെന്‍ മനമിളകിമറി- ഞ്ഞായുരന്തം വരും മുന്‍ ബോധക്കേടൊക്കെ നീക്കിത്തരികയമൃതരുള്‍- ത്തേന്‍ തുളുമ്പും പദം തേ; പാതിപ്പെണ്‍മെയ്മകന്‍ നിന്തിരുവടിയുടെ മേ- ലേറിയാടുന്ന നേരം മോദിച്ചേതും മടിക്കാതവനെയിവിടെ നീ കൊണ്ടുവാ തങ്കമൈലേ! 4 എണ്‍ചാണ്‍ റോട്ടൂടെയുള്ളശ്ശകടമതു വലി- ച്ചോണ്ടു മേലീഴ്ത്തുകീഴും സഞ്ചാരം താവിമേവും തുരഗമിണയൊടേ പൂട്ടിയോടിച്ചിറങ്ങി അഞ്ചാറെട്ടും കടന്നായരമനയകമേ- റിസ്സുഖിച്ചങ്ങിരുന്നെന്‍- നെഞ്ചാറിപ്പാല്‍കുടിപ്പാനൊരുവരമരുളീ- ടേണമേ തമ്പുരാനേ! 5 അങ്കുങ്കും നാഡിയോടും ദിനമണി മതിയും പോയണഞ്ഞീടുമപ്പോള്‍ തങ്കക്കോയിക്കലുള്ളില്‍ തരളമണിവിള- ക്കുംകൊളുത്തിക്കരേറ്റി നങ്കും മങ്കും നടിച്ചും നടനമിടുവതി- ന്നായെഴുന്നള്ളിവായീ- യങ്കം വെട്ടുന്ന വേടപ്പരിഷയെ നിരവേ ചുട്ടു നിര്‍ധൂളിയാക്കാന്‍. 6 കാടും മേടും കഥിച്ചോണ്ടൊരു കമനിമണീ- കാന്തനായാലുമെന്തേ പാടും കേടും പറഞ്ഞും പലവഴിയുഴറി- പ്പാഞ്ഞലഞ്ഞാലുമെന്തേ കാടും വീടും സമം നിന്തിരുവടിയരുള്‍പൊ- ങ്ങീടുവോളം പൊറുപ്പാന്‍ നാടുണ്ടോടുണ്ടു ചോറുണ്ടരിയ തിരുവെഴു- ത്താറുമുണ്ടോതുവാനും. 7 ഓങ്കാരംകൊണ്ടെഴുപ്പിപ്പെരുവെളിനടുവേ പള്ളികൊണ്ടുള്ളിലുണ്ടാം ഝങ്കാരം കേട്ടുണര്‍ന്നീടുക ഝടിതി മതി- ത്താമരത്തേന്‍ കുടിപ്പാന്‍ പങ്കാരും പറ്റുവാനില്ലിരവുപകലിരു- ന്നീച്ചയും തേനുറിഞ്ചും- ഝങ്കാരംപോലുമില്ലിങ്ങിതിനെയിനിമയോ- ടാസ്വദിച്ചീടുവാന്‍ വാ. 8 കണ്ണുണ്ടീരാറു കാതും കരവുമതുകണ- ക്കുണ്ടു കാരുണ്യമോയീ- വണ്ണം മറ്റാര്‍ക്കുമില്ലീയടിമയിഹ പെടും പാടു കണ്ടീലയോ നീ കണ്ണില്‍ക്കണ്ടോര്‍ പഴിക്കുന്നതുമൊരു ചെവികൊ- ണ്ടെങ്കിലും കേട്ടതില്ലേ, ദണ്ണം തീര്‍ത്തെന്നെ രക്ഷിച്ചഭയമരുളുവാന്‍ കയ്യുമൊന്നല്ലെ വേണ്ടൂ? 9 ഓട്ടീലൊട്ടിച്ചു നാളത്തിരുനടുവെളി പാര്‍- ത്തങ്കുശങ്കെന്നു തട്ടി- ക്കൂട്ടിപ്പൂട്ടിപ്പിടിച്ചക്കുതിരയെ നടുറോ- ട്ടൂടെയോടിച്ചു വേഗം, ചാട്ടിന്‍ കൂട്ടിങ്കലുള്‍ച്ചഞ്ചലതരമിളകും പഞ്ചരാജാക്കള്‍ പോം മുന്‍ കൂട്ടക്കൊട്ടോടു കോട്ടയ്ക്കകമതു കരയേ- റിസ്സുഖിപ്പാന്‍ വരം താ. 10 മൗനപ്പൂന്തേനൊഴുക്കേ! മതിയമൃതൊലിയേ, മന്ദനാമെന്‍ മനക്കണ്‍- ജ്ഞാനക്കണ്ണാടിയേ! നിന്‍തിരുവടിയടിയന്‍- തീ പൊറുത്തീടവേണം; കൂനിത്തന്തേനുമായിക്കുറവര്‍കുടിയതില്‍ പെണ്ണെടുത്തുണ്ടതേക്കാള്‍ മാനക്കേടോ നിനക്കീയഗതിയെയവനം ചെയ്തു നിന്നോടു ചേര്‍ത്താല്‍? 11 വെയ്ലും ന്ലാവും വിഴുങ്ങിക്കനലൊളി നടുവില്‍ ക്കാലുമൂന്നിപ്പിടിച്ച- മ്മയ്ലിന്മേലാടുമുണ്ണീ, മറയരുതു മനോ- മൗനവീട്ടിന്‍ വിളക്കേ, റെയ്ലിന്‍ വേഗം ജയിക്കും ജരനര മുതലാം മൂഢരും ഞാനുമായി- ജ്ജയ്ലില്‍ പാര്‍പ്പാന്‍ ഞെരുക്കം ജവമയി! പരമന്‍ ചിത്സുഖം നല്കിടേണം. 12 സ്പഷ്ടം ന്ലാവങ്ങുനീങ്ങി ദിനകരനുദയം ചെയ്തു ചന്ദ്രന്‍ മറഞ്ഞു തട്ടിത്തട്ടിപ്പെരുക്കിപ്പെരുവെളിയതിലാ- ക്കീടുവാന്‍ പിന്നെയാട്ടേ, കഷ്ടം ദീനം പിടിച്ചോ മദിരയതുകൂടി- ച്ചോ കിടക്കുന്ന ലോകര്‍- ക്കുത്തിഷ്ഠോത്തിഷ്ഠ ശീഘ്രം, നദിയില്‍ മുഴുകുവാന്‍ കാലമായ് വന്നിതിപ്പോള്‍. 13 ഉള്‍ത്തീമാറ്റാനുപായത്തുനിവിനിയ മന- ക്കണ്‍മണേ, നീ തരാഞ്ഞാ- ലുള്‍ത്തീവ്രം പൊങ്ങിവിങ്ങും ദഹനശിഖയില്‍ ഞാന്‍ വെന്തുപോട്ടെന്നുറച്ചോ? പിച്ചും ഭ്രാന്തും പിടിച്ചപ്പിണിയറുതി വരാ- നായ് വിതറ്റുന്നൊരിപ്പേ- പ്പട്ടിക്കുണ്ടോ സുബോധം; പിഴകളഖിലവും നീ പൊറുത്താളുമല്ലോ! 14 എച്ചില്‍ച്ചോറുണ്ട പുള്ളിക്കിനിയൊരു മകനാം നീയിരപ്പാളി ഞാനോ പിച്ചക്കാരന്‍, പിഴയ്ക്കും പിഴകളഖിലവും നീ പൊറുക്കെന്നു ഞായം; അച്ഛന്‍ പൈതങ്ങള്‍തന്‍ കാലടിയിണയടിപെ- ട്ടാലുമൊക്കെപ്പൊറുത്ത- ക്കൊച്ചുങ്ങള്‍ക്കുള്ളഭീഷ്ടം കനിവൊടു നിറവേ- റ്റിക്കൊടുക്കുന്നുവല്ലോ! 15 ഉണ്മാനില്ലാഞ്ഞിരപ്പോട്ടിയുമൊരുവടിയും- കൊണ്ടു നീളേ നടക്കും- പെണ്മെയ്പങ്കന്‍ കുടത്തിന്‍ കവിളു കവിയുമാ- റുള്ള കള്ളും ചുമന്നും നിര്‍മ്മാണംപോല്‍ ചിലപ്പോളരയിലൊരു കരി- ത്തോലുടുത്തും നടക്കും വന്മായം നിന്‍തകപ്പന്‍വികൃതികള്‍ പറവാ- നാദിശേഷന്നുമാമോ?