All Dharmam chaptersChapter 9
SREE NARAYANA DHARMAM · VERSES & MEANING

മതനിരൂപണം

Matha Nirupanam

✳
Aa 100%
Passage 1

ശ്ലോകം

ശിഷ്യ ഊചുഃ ഭഗവാൻ! പ്രക്രിയാം ജാതേർനിശമ്യ ഭവതോ മുഖാത് തൃപ്താ വയം തദിച്ഛാമഃ ശ്രോതും മതമതഃപരം 44

അർത്ഥം

ഭഗവാനേ! അങ്ങയുടെ മുഖകമലത്തിൽ നിന്ന് ജാതിയുടെ സൂക്ഷ്മരൂപം കേൾക്കാനിടയായതിൽ ഞങ്ങൾ അത്യധികം സന്തുഷ്ടരായി. അതുപോലെ മതത്തെക്കുറിച്ചും അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

Passage 2

ശ്ലോകം

ഗുരൂരുവാച - മതമേകം മനുഷ്യാണാമിതി പൂർവ്വമുദീരിതം കീദൃക് തദിതി സംക്ഷിപൃ വക്ഷ്യേശൃണുത സാധവഃ ! 45

അർത്ഥം

എല്ലാ മനുഷ്യരുടേയും മതം ഒന്നാണെന്ന് ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ അതിനെ ചുരുക്കി പറയാം, കേട്ടാലും.

Passage 3

ശ്ലോകം

അഭിപ്രായോ മതം നാമ മഹതാം തത്ത്വവേദിനം മതസ്യ സാരഃ സർവ്വോƒപി വാക്യവൈചിത്രൃഭൂഷിതഃ 46

അർത്ഥം

ഈശ്വരദർശികളായ മഹത്തുക്കളുടെ അഭിപ്രായത്രേ മതം എന്നു പറയുന്നത്. ഗ്രന്ഥകാരൻമാരുടെ വിചിത്രവാക്യങ്ങളാൽ മതം വിഭിന്നമായി ഭവിക്കുന്നു.

Passage 4

ശ്ലോകം

അനേകഗിരിസംഭൂതാ നിമ്നഗേവ മഹാദധിം ഏകം സനാതനം വസ്തു പ്രാപ്യ വിശ്രാമ്യതി സ്വയം 47

അർത്ഥം

പലപല പർവതങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ സമുദ്രത്തെ പ്രാപിച്ചു ലയിക്കുന്നതുപോലെ വിഭിന്നങ്ങളായ സർവമതവും എകവും സത്യസ്വരൂപവുമായിരിക്കുന്ന വസ്തുവിൽ (ബ്രഹ്മത്തിൽ) ചേർന്നു ലയിക്കുന്നു.

Passage 5

ശ്ലോകം

തത്തദ്‌കാലസമുത്ഥാനദാചാര്യാണാം മഹാത്മനാം പന്ഥാനോ ജ്ഞാനവൈചിത്ര്യാദ്വിചിത്രാസ്സന്തി സർവ്വതഃ 48

അർത്ഥം

മതാചാര്യൻമാർ പല കാലങ്ങളിലായിട്ടാണ് ജനിച്ചത്. അവരുടെ ജ്ഞാനങ്ങളും വിഭിന്നങ്ങളായി. കാലാനുകൂലങ്ങളായ ഏർപ്പാടുകൾ കൊണ്ട് ഓരോ മതത്തേയും സ്ഥാപിച്ചു. അപ്രകാരം മതങ്ങൾ വിഭിന്നങ്ങളായി.

Passage 6

ശ്ലോകം

തഥാപി തേഷാമാസ്തിക്യം പ്രാപ്യമുദ്ദേശ്യമേവ ച ഏകതാം ദ്യോതയത്യേവ തദേകം മതമീര്യതേ 49

അർത്ഥം

വിഭിന്നമതസ്ഥാപകൻമാരായ ആചാര്യൻമാരുടെ ഉദ്ദേശ്യവും ലക്ഷ്യവും ഒന്നാകയാൽ മതമൊന്നേയുള്ളു എന്നു പറയുന്നതിനു വിരോധമില്ല.

Passage 7

ശ്ലോകം

മാഹമ്മദാഃ ക്രൈസ്തവാശ്ച ജൈനാ ബൗദ്ധാസ്തഥേതരേ ഏകതാപാദനായൈവ പ്രയതന്തേ നിരന്തരം 50

അർത്ഥം

മുഹമ്മദീയരും, ക്രിസ്ത്യാനികളും ജൈനരും ബൗദ്ധൻമാരും അതുപോലെ തന്നെ മറ്റു മതക്കാരും ഒന്നിനെ പ്രാപിക്കുവാൻ വേണ്ടിയാണ് അശ്രാന്തം പരിശ്രമിക്കുന്നത്.

Passage 8

ശ്ലോകം

ഏകത്വമനുസന്ധാതും സർവേഷാം ഹി സമുദൃമഃ ഏകമേവ മതം തേഷാം നാത്ര പക്ഷദ്വയം മതം 51

അർത്ഥം

എല്ലാ മതസ്ഥാപകൻമാരുടേയും പരിശ്രമം ഒന്നിനോടു ചേരുവാൻ വേണ്ടിയാണ്. അവരുടെ എല്ലാവരുടേയും മതം ഒന്നു തന്നെ. മതം രണ്ടില്ല.

Passage 9

ശ്ലോകം

സാമന്യസത്താ സർവേഷാം മതാനാ മനുബന്ധിനീ ഏകൈവാതോപ്യേകമേവ മതം യുക്തിചമൽകൃതം 52

അർത്ഥം

എല്ലാ മതങ്ങളുടേയും, ഒന്നിനോടു തന്നെ ചേരുകയെന്നുള്ള സാമാന്യനില ഒന്നാകയാൽ യുക്തി അനുസരിച്ച് എല്ലാ മതവും ഒരു മതമായിത്തന്നെ നിലകൊള്ളുന്നു.

Passage 10

ശ്ലോകം

അനേകമതസിദ്ധാന്തമജ്ഞാത്വൈകം ഹി ഹസ്തിനി അന്ധാ ഇവ വിതണ്ഡോക്തേർമൂഢാമുഹൃന്തി നേതരേ 53

അർത്ഥം

മറ്റു ചില ആളുകൾ എല്ലാ മത സിദ്ധാന്തവും ഒന്നു തന്നെയെന്നു മനസ്സിലാക്കാതെ ആനയെക്കാണാൻപോയ കുരുടൻമാരെപ്പോലെ പലതും പറഞ്ഞു സമർത്ഥിക്കുന്നു.

Passage 11

ശ്ലോകം

മതാനി ജേതും ശക്യാനി ന വാദേന മിഥോ ബലാത് പ്രമാദേന മതദ്വേഷീ വാദമാത്രേണ നശ്യതി 54

അർത്ഥം

വാദകോലാഹലത്താലോ പരസ്പരകായബലത്താലോ മതങ്ങളെ ജയിക്കുവാൻ സാദ്ധ്യമല്ല, അന്യമതങ്ങളെ ദുഷിക്കുന്നവൻ സ്വയം നശിക്കുകയും ചെയ്യുന്നു.

Passage 12

ശ്ലോകം

സർവേചാത്മസുഖാവാപ്ത്യൈ പ്രവർത്തന്തേ പ്രവർത്തകം മതമേവ സമേഷാം തൻമതമേകം ന സംശയഃ 55

അർത്ഥം

എല്ലാവരും അവരുടെ ആത്മസുഖത്തിനുവേണ്ടിയാണ് അശ്രാന്തം പരിശ്രമിക്കുന്നത്. എല്ലാറ്റിനും പ്രവർത്തകമായിരിക്കുന്നതു മതമാണ്. അതുകൊണ്ട് എല്ലാവരുടേയും മതം ഒന്നാണെന്നുള്ളതിനു സംശയമില്ല.

Passage 13

ശ്ലോകം

ഏകത്വത് പ്രതിപാദൃസൃ സർവം ച പ്രതിപാദകം മതമേകത്വമേവൈതി കാത്ര നാനാത്വകൽപനാ ? 56

അർത്ഥം

എല്ലാവർക്കും പ്രതിപാദ്യവസ്തു ഒന്നാകുന്നു. എല്ലാ ധർമ്മങ്ങളുടേയും പ്രതിപാദകവും മതമാകുന്നു, എല്ലാ മതവും ഒന്നിനെത്തന്നെ പ്രാപിക്കയും ചെയ്യുന്നു. അതുകൊണ്ട് മതം അനേകമാണെന്നുള്ള വാദകോലാഹലങ്ങൾ ആവശ്യമില്ല.

Passage 14

ശ്ലോകം

നിരുക്തജാതേരേകത്വാൻമതസ്യൈകത്വമാസ്ഥിതം മതേ നാനാത്വചിന്താ തു കേവലം ഭ്രാന്തിജൃംഭിതാ 57

അർത്ഥം

എല്ലാ ജാതികളും ഒന്നാണെന്നു നിഷ്കർഷിച്ചിട്ടുള്ളതിനാൽ മതമെല്ലാം ഒന്നാണെന്നു സിദ്ധമായി. മതം പലതാണെന്നുള്ള ബോധം കേവലം ഭ്രമാത്മകം ആകുന്നു.

Passage 15

ശ്ലോകം

മമ വർത്മാനുവർത്തന്തേ മനുഷ്യാഃപാർത്ഥ!സർവശഃ ഇതി ഗീതാവചോപൃത്ര മതേ പ്രാമാണ്യമർഹതി 58

അർത്ഥം

അല്ലയോ അർജ്ജുനാ ! ഏതു മതവിശ്വാസി ആയാലും, എല്ലാവരും ഒടുവിൽ എന്നെ പ്രാപിക്കുന്നു എന്ന ഗീതാവചനവും ഒരു മതം എന്നതിനു പ്രമാണമായിത്തീർന്നിട്ടുണ്ട്.

Passage 16

ശ്ലോകം

ഏകം വർത്മാനുവർത്തന്തേ മാനവാഃ സർവതോ മതേ ഇത്യബാധാൻമതൈകത്വം സാധിതം സർവസമ്മതം 59

അർത്ഥം

ഏതു മതവിശ്വാസിയായാലും, എല്ലാവരും മതത്തിന്റെ ഒരേ ലക്ഷ്യത്തെ അവലംബിക്കുന്നതുകൊണ്ട് മതം ഒന്നാണെന്നുളള കാര്യം സർവസമ്മതമായിരിക്കുന്നു.

Passage 17

ശ്ലോകം

ശിഷ്യ ഊചുഃ - സർവജ്ഞാസ്മാകമുച്ഛിന്നഃ സന്ദേഹോമതവർത്മനി ഏകദേവത്വമപൃസ്മാത്പരം വ്യാഖ്യാതുമർഹതി 60

അർത്ഥം

അല്ലയോ ഗുരോ! മത സംബന്ധമായ ഞങ്ങളുടെ സംശയങ്ങൾ സർവവും നശിച്ചു. ഇനി അങ്ങ് ഏകദൈവത്തെക്കുറിച്ചു പറഞ്ഞു തരുമാറാകണം

Read plain textText updated

Cite this chapter · അവലംബം

Sree Narayana Dharmam. മതനിരൂപണം (Matha Nirupanam). Anandham. Text updated 2026-09-25. https://anandham.online/dharmam/matha-nirupanam

✳

Take a moment. Let the words settle.

Verses and Malayalam explanations provided by the library editor.