GURU ARUL · 46 QUOTES

ഗുരു അരുൾ

വായിക്കാനും ചിന്തിക്കാനും ഗുരുവിന്റെ വാക്കുകൾ.

Read by topic, save a favourite, or copy a quote to keep.

46 quotes

ജാതി#01
ജാതികൊണ്ട് ഒരു ഗുണവുമില്ല. അതു സ്വാതന്ത്ര്യം തടയുന്നു, ബുദ്ധി നശിപ്പിക്കുന്നു.

— ശ്രീ നാരായണഗുരു

ജാതി#02
ചിലര്‍ക്ക് പണവും പഠിപ്പും ശുചിത്വവും കൂടുതലുണ്ടാകാം. മറ്റുചിലര്‍ക്ക് അതൊക്കെ കുറവായിരിക്കാം. ചിലരുടെ നിറമായിരിക്കില്ല മറ്റുള്ളവരുടെ നിറം. ഈമാതിരി വ്യത്യാസങ്ങളല്ലാതെ മനുഷ്യര്‍ക്ക് ജാതിവ്യത്യാസമില്ല.

— ശ്രീ നാരായണഗുരു

ജാതി#03
ജാതി മനുഷ്യരില്‍ കയറി മൂത്തുപോയി. ശങ്കരാചാര്യരും അതില്‍ തെറ്റുകാരനാണ്. ജാതി കളയണം. അല്ലാതെ രക്ഷയില്ല.

— ശ്രീ നാരായണഗുരു

ജാതി#04
അധഃകൃതവർഗ്ഗക്കാർ എന്നൊരു പ്രത്യേക വര്‍ഗ്ഗമില്ല. ശുദ്ധിയുള്ളവര്‍ - ശുദ്ധിയില്ലാത്തവര്‍, വിദ്യയുള്ളവര്‍ - വിദ്യയില്ലാത്തവര്‍, പണമുള്ളവര്‍ - പണമില്ലാത്തവര്‍ എന്നീവക വ്യത്യാസങ്ങളേയുള്ളൂ.

— ശ്രീ നാരായണഗുരു

ജാതി#05
ഇപ്പോള്‍ ജാതിഭേദത്തില്‍ നിന്നും തന്മൂലമായ കലഹത്തില്‍ നിന്നുമാണ് ലോകത്തിന് മോചനം ലഭിക്കേണ്ടത്.

— ശ്രീ നാരായണഗുരു

ജാതി#06
ശൂദ്രജാതിയില്‍ ജനിച്ചുപോയി എന്നതുകൊണ്ട് ഒരുവന് വേദം പഠിച്ചുകൂടായെന്ന് ഏതു ഭഗവാന്‍ പറഞ്ഞാലും അത് ഇന്നാരും വകവച്ചുകൊടുക്കുകയില്ലല്ലോ. ഒരു വിധത്തിലും നീതികരിക്കാന്‍ വയ്യാത്ത ഒരു വ്യവസ്ഥയാണത്.

— ശ്രീ നാരായണഗുരു

ജാതി#07
മനുഷ്യന്‍ കെട്ടുപോയാല്‍ ലോകത്തില്‍ സുഖമുണ്ടായിട്ട് എന്തു പ്രയോജനം? ജാതി മനുഷ്യനെ കെടുത്തുന്നു. അതുകൊണ്ട് അത് ആവശ്യമില്ല. ജാതി ഇല്ല. ഉണ്ടെന്നു വിചാരിക്കുന്നത് വിഡ്ഢിത്തമാണ്.

— ശ്രീ നാരായണഗുരു

ജാതി#08
മനുഷ്യനു ജാതിയില്ല എന്നു നാം പറഞ്ഞതായി എഴുതിവയ്ക്കണം. ജാതി ഉണ്ടെന്നുള്ള വിചാരം പോകണം. ജാതിയെ സൂചിപ്പിക്കുന്ന പേരുകള്‍ ഉപയോഗിക്കരുത്. എഴുത്തുകുത്തുകളില്‍ ജാതി കാണിക്കരുത്. ഇങ്ങനെയായാല്‍ ജാതിതന്നെ പോകും.

— ശ്രീ നാരായണഗുരു

ജാതി#09
ജാതിയില്ലാത്ത ഒരു സഭ സ്ഥാപിക്കണമെന്ന് നമുക്ക് വിചാരമുണ്ട്. പലരോടും പറഞ്ഞിട്ടുണ്ട്. ആരും ശ്രമിക്കാനില്ല. കഴിയുമോ?

— ശ്രീ നാരായണഗുരു

ജാതി#10
മേല്‍ജാതി എന്നും കീഴ്ജാതി എന്നുമുള്ള വിചാരം ഇല്ലാതാക്കണം.

— ശ്രീ നാരായണഗുരു

ജാതി#11
ജാതി എന്നൊന്നില്ലാത്തതാണ്. ഇല്ലാത്തതിനെ ഉണ്ടാക്കാന്‍ ആളുകള്‍ എന്തു പാടുപെട്ടു. ഇപ്പോഴും അതിനെ നിലനിര്‍ത്താന്‍ ശ്രമപ്പെടുന്നു. എന്നാല്‍ അത് ഇല്ലാത്തതാണെന്നറിഞ്ഞ് ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

— ശ്രീ നാരായണഗുരു

ജാതി#12
ജാതിപ്പേര്‍ ഉപേക്ഷിക്കാന്‍ പാടില്ലേ? ജാതി ഇല്ലാത്തതാണല്ലോ?! ഉള്ളതെഴുതണം. മതത്തിന്റെ പേരെഴുതട്ടെ.

— ശ്രീ നാരായണഗുരു

ജാതി#13
മനുഷ്യന്‍ ഒരു ജാതിയായി ജീവിക്കണം. ഈ അഭിപ്രായം എല്ലായിടവും പരക്കണം. ജാതി പോകും.

— ശ്രീ നാരായണഗുരു

ജാതി#14
പേരൂരു തൊഴിലീമൂന്നും പോരുമായതു കേള്‍ക്കുക ആരു നീയെന്നു കേള്‍ക്കേണ്ടാ നേരു മെയ് തന്നെ ചൊല്കയാല്‍

— ശ്രീ നാരായണഗുരു

ജാതി#15
മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല.

— ശ്രീ നാരായണഗുരു

മതം#16
തത്ത്വജ്ഞാനികളായ മഹാത്മാക്കളുടെ അഭിപ്രായമത്രേ മതം എന്നു പറയുന്നത്.

— ശ്രീ നാരായണഗുരു

മതം#17
മതം വിശ്വാസ സ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്കൃതബുദ്ധികള്‍ക്കെല്ലാം സ്വീകാര്യവും മനുഷ്യരെ ഒരുത്തമ ആദര്‍ശത്തിലേക്കു നയിക്കുന്നതുമായിരിക്കണം.

— ശ്രീ നാരായണഗുരു

മതം#18
സൂക്ഷ്മാന്വേഷണത്തെ സഹായിക്കുന്ന മാര്‍ഗ്ഗദര്‍ശികള്‍ മാത്രമാണ് മതങ്ങള്‍.

— ശ്രീ നാരായണഗുരു

മതം#19
ജീവാത്മാക്കള്‍ക്ക് ഊര്‍ദ്ധ്വമുഖത്വം ഉണ്ടാക്കുവാനുള്ള അധികാരമേ മതങ്ങള്‍ക്കുള്ളു. അതുണ്ടായിക്കഴിഞ്ഞാല്‍ സൂഷ്മം അവര്‍ താനേ അന്വേഷിച്ച് കണ്ടെത്തിക്കൊള്ളും.

— ശ്രീ നാരായണഗുരു

മതം#20
സൂഷ്മമറിഞ്ഞവനു മതം പ്രമാണമല്ല. മതത്തിനു അവന്‍ പ്രമാണമാണ്.

— ശ്രീ നാരായണഗുരു

മതം#21
സനാതനമായ ഏതെങ്കിലും ധര്‍മ്മത്തെയോ സത്യത്തെയോ അടിസ്ഥാനപ്പെടുത്തിയല്ലാതെ യാതൊരു മതത്തിനും നിലനില്‍ക്കാന്‍ കഴിയുന്നതല്ല.

— ശ്രീ നാരായണഗുരു

മതം#22
ഏതെങ്കിലും മതവുമായി നമുക്ക് പ്രത്യേക ബന്ധമൊന്നുമില്ല. നാമായി ഒരു പ്രത്യേക മതം സ്ഥാപിച്ചിട്ടുമില്ല. നാം പ്രത്യേക ജാതിയിലോ ഉള്‍പ്പെടുന്നുമില്ല. മനുഷ്യന്‍ ഒരു ജാതി. അതാണ് നമ്മുടെ മതം.

— ശ്രീ നാരായണഗുരു

മതം#23
മതം കമ്പനി പോലെയാണ്. ചേര്‍ക്കുന്നവരുടെ ശേഷിയും നയവും മൂലധനത്തിന്റെ കൂടുതലും അനുസരിച്ച് ഓഹരിക്കാര്‍ ചേര്‍ന്നെന്ന് വരും.

— ശ്രീ നാരായണഗുരു

മതം#24
ശാരീരികമായും മാനസ്സികമായും ആത്മീയമായുമുള്ള സര്‍വ്വശ്രേയസ്സുകളും ഒരു സമുദായത്തിന് വന്ന് ലഭിക്കുന്നതില്‍ സമുദായാംഗങ്ങളുടെ മതനിഷ്ഠയും സദാചാരവും വലുതായി സഹായിക്കുന്നതാണ്.

— ശ്രീ നാരായണഗുരു

മതം#25
മതം ഒരോരുത്തരുടേയും ഇഷ്ടം പോലെയിരിക്കും. അച്ഛന്റെ മതമല്ലായിരിക്കും മകനിഷ്ടം. മനുഷ്യന് മതസ്വാതന്ത്ര്യം വേണം.

— ശ്രീ നാരായണഗുരു

മതം#26
മതം മാറണമെന്ന് തോന്നിയാല്‍ ഉടനെ മാറണം. അതിന് സ്വാതന്ത്ര്യം വേണം.

— ശ്രീ നാരായണഗുരു

മതം#27
മതം ഇഷ്ടം പോലെ പറയുവാനും ഒന്നും ഇല്ലെന്ന് പറയുവാനും സ്വാതന്ത്ര്യം വേണം.

— ശ്രീ നാരായണഗുരു

മതം#28
ആരുടേയും മതസ്വാതന്ത്ര്യത്തെ തടയരുത്.

— ശ്രീ നാരായണഗുരു

മതം#29
മതം എന്നുവച്ചാല്‍ അഭിപ്രായം. അതേതായാലും മനുഷ്യനു ഒരുമിച്ച് കഴിയാം. ജാതിഭേദം വരരുത്. അതാണ് വേണ്ടത്. അവരവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ.

— ശ്രീ നാരായണഗുരു

മതം#30
ഒരു മതം ഇഷ്ടം പോലെ നിശ്ചയിക്കണം. ഹിന്ദുമതമോ ധര്‍മ്മമതമോ ഏതെങ്കിലും ഇഷ്ടംപോലെ എടുക്കാമല്ലോ.

— ശ്രീ നാരായണഗുരു

മതം#31
മതത്തിന് ആഭ്യന്തരവും ബാഹ്യവുമായ രണ്ടുവശങ്ങള്‍ ഉണ്ട്. ഇവയില്‍ ഏതിനാണ് പരിവര്‍ത്തനം വേണമെന്ന് പറയുന്നത്? ബാഹ്യമായ മാറ്റത്തിനാണുത്സാഹമെങ്കില്‍ അത് മതപരിവര്‍ത്തനമല്ല. സമുദായപരിവര്‍ത്തനമാണ്.

— ശ്രീ നാരായണഗുരു

മതം#32
ആഭ്യന്തരമതത്തിനു പരിവര്‍ത്തനം ചിന്താശീലമുള്ള ഓരോ വ്യക്തികളിലും ക്രമേണ സംഭവിച്ചുകൊണ്ടു തന്നെയിരിക്കുന്നു. അത് വിജ്ഞാന വര്‍ദ്ധനയോടുകൂടി സ്വാഭാവികമായി മാറുകയല്ലാതെ ആര്‍ക്കും മാറ്റുവാന്‍ കഴിയുന്നതല്ല.

— ശ്രീ നാരായണഗുരു

മതം#33
ആദ്ധ്യാത്മിക മോക്ഷത്തിനായി മതപരിവര്‍ത്തനം ആവശ്യമില്ല.

— ശ്രീ നാരായണഗുരു

മതം#34
മനുഷ്യന്‍ നന്നാകുമ്പോള്‍ മതം മാറി. മത്സ്യമാംസം ഉപയോഗിക്കുന്നവന്‍ അതു മാറുമ്പോള്‍ അവന്റെ ആ മതം മാറി. ആ മാറ്റമാണ് മാറ്റം. അതാണ് നല്ലത്.

— ശ്രീ നാരായണഗുരു

മതം#35
മതം (ആന്തരീകമായി) മാറുകയും പുറമേ കള്ളം പറയുകയും ചെയ്യുന്നതു കഷ്ടവും പാപവുമാണ്.

— ശ്രീ നാരായണഗുരു

മതം#36
മതം മനസ്സിന്റെ കാര്യമാണ്. എന്റെ മതം സത്യം, മറ്റുള്ളതെല്ലാം അസത്യം എന്ന് ആരും പറയരുത്. സകല മതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്ഥാപിച്ചിട്ടുള്ളതും സദുദ്ദേശത്തോടു കൂടിയാണ്.

— ശ്രീ നാരായണഗുരു

മതം#37
സമബുദ്ധിയോടും സമഭക്തിയോടും കൂടി എല്ലാ മതങ്ങളെയും എല്ലാവരും പഠിച്ചറിയുവാനും പഠിച്ച അറിവിനെ പരസ്പരം സ്നേഹപൂര്‍വ്വം വിനിമയം ചെയ്യുവാനും ശ്രമിക്കട്ടെ. മത്സരം മതം നിമിത്തമല്ല, മദം നിമിത്തമാണെന്ന് അപ്പോള്‍ മനസ്സിലാകും.

— ശ്രീ നാരായണഗുരു

മതം#38
മതം എന്ന വാക്കിന്റെ നാനാര്‍ത്ഥമാണ് ഭ്രമത്തെ ഉണ്ടാക്കുന്നത്. എല്ലാ മതങ്ങളുടേയും ഉദ്ദേശ്യം ഒന്നു തന്നെ. നദികള്‍ സമുദ്രത്തില്‍ ചേര്‍ന്നാല്‍ പിന്നെ തിരക്കുഴിയെന്നും നടുക്കടലെന്നുമുണ്ടോ?

— ശ്രീ നാരായണഗുരു

മതം#39
സാഹോദര്യത്തിനു മുഹമ്മദുമതവും സ്നേഹത്തിനു ക്രിസ്തുമതവും മുഖ്യത കല്പിക്കുന്നു. എന്നാല്‍ സാഹോദര്യം സ്നേഹത്തേയും സ്നേഹം സാഹോദര്യത്തെയും ആശ്രയിച്ചിരിക്കുന്നു എന്നറിയാതെ, സാഹോദര്യമാണ് ശ്രേഷ്ഠം എന്നു വിവാദമുണ്ടാകുന്നുവെങ്കില്‍ അതിനെ വൃഥാ വിവാദമെന്നല്ലാതെ പറയാന്‍ തരമുണ്ടോ?

— ശ്രീ നാരായണഗുരു

മതം#40
മനുഷ്യര്‍ എന്തിനാണ് വിശ്വാസത്തിന്റെ പേരില്‍ അന്യോന്യം പൊരുതുന്നത്. അത് ബുദ്ധിയുള്ളവരുടെ ലക്ഷണമല്ല. എല്ലാവരും ആത്മസുഖത്തിനായി മാത്രമാണ് സദാ ശ്രമിക്കുന്നതെന്നറിഞ്ഞ് അവരവരുടെ അകതാരടക്കി ശാന്തമായി കഴിയണം.

— ശ്രീ നാരായണഗുരു

മതം#41
മതങ്ങള്‍ തമ്മില്‍ പൊരുതിയാല്‍ ഒടുങ്ങാത്തതുകൊണ്ട് ഒന്നിന് മറ്റൊന്നിനെ തോല്‍പ്പിക്കുവാന്‍ കഴിയുകയില്ല. ഈ മതപ്പോരിന് അവസാനമുണ്ടാകണമെങ്കില്‍ സമബുദ്ധിയോടു കൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം.

— ശ്രീ നാരായണഗുരു

മതം#42
ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ്? ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലുമുള്ള മത്സരത്തില്‍ നിന്ന് മോചനം.

— ശ്രീ നാരായണഗുരു

മതം#43
സാമന്യജനങ്ങള്‍ക്ക് അവര്‍ വിശ്വസിക്കുന്ന മതത്തിന് ആധാരമായ ഗ്രന്ഥം പ്രമാണമായിത്തന്നെ ഇരിക്കണം.

— ശ്രീ നാരായണഗുരു

മതം#44
മതസാഹിത്യം നല്ലതെന്നു പറയുന്ന മതം അനുഷ്ഠിക്കുന്നവരുടെ ആചാരം നന്നല്ലല്ലോ. അപ്പോള്‍ മതസാഹിത്യം എങ്ങനെയിരുന്നാലും മനുഷ്യന്‍ ദുഷിച്ചാല്‍ ഫലമില്ല. മനുഷ്യന്‍ നന്നാകണം. ജാതി പോകണം. പ്രവൃത്തിയിലും വാക്കിലും വിചാരത്തിലും ശുദ്ധിവേണം. ക്രിസ്തുമതത്തിലും മുഹമ്മദുമതത്തിലും എങ്ങും മാറ്റമില്ല.

— ശ്രീ നാരായണഗുരു

മതം#45
യഹോവായ്ക്ക് എബ്രായ ഭാഷയും ബ്രഹ്മാവിന് പ്രാചീന സംസ്കൃത ഭാഷയുമേ നിശ്ചയമുണ്ടായിരുന്നുള്ളോ? വേദപ്രതിപാദിതങ്ങളായ തത്വങ്ങള്‍ അപൗരുഷേയങ്ങളാണ് എന്നും അര്‍ത്ഥമാക്കാം.

— ശ്രീ നാരായണഗുരു

മതം#46
അങ്ങനെ വരാതിരിക്കാന്‍ മതഗുരുക്കന്മാര്‍ സൂക്ഷിക്കേണ്ടതാണ്. ദയാനന്ദ സരസ്വതി വേദം പ്രമാണമാക്കുന്നുണ്ടെങ്കിലും വേദത്തില്‍ അസംബന്ധമായുള്ള ഭാഗം കൃത്രിമമെന്ന് തള്ളിക്കളയുന്നില്ലേ? അങ്ങനെയാണ് എല്ലാ മതാചാര്യന്മാരും ചെയ്യേണ്ടത്.

— ശ്രീ നാരായണഗുരു

Explore the Krithis