All krithisProse
SREE NARAYANA GURU · ORIGINAL TEXT

ഗദ്യ പ്രാർത്ഥന

Gadya Prarthana

✳
Aa 100%
ഗദ്യപ്രാര്‍ത്ഥന "കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നുരൂപങ്ങളോടുകൂടിയതും പരമാത്മാവില്‍ നിന്നുമുണ്ടായി അതില്‍ത്തന്നെ ലയിക്കുന്നതുമാകുന്നു. അതിനാല്‍ പരമാത്മാവല്ലാതെ വേറൊന്നുമില്ല. സകലപാപങ്ങളേയും നശിപ്പിക്കുന്ന -വറുത്തുകളയുന്ന പരമാത്മാവിന്‍റെ യാതൊരു സ്വരൂപം എന്‍റെ ബുദ്ധിയെ തെളിച്ചു നല്ലവഴിയേ കൊണ്ടുപോകുമോ, ധ്യാ നിക്കേണ്ടതായ പരമാത്മാവിന്‍റെ ആ ദിവ്യരൂപത്തെ ഞാന്‍ ധ്യാനിക്കുന്നു. അല്ലയോ പരമാത്മാവേ! ഇപ്രകാരം ഇടവിടാതെ എനിക്ക് അങ്ങയെ ധ്യാനിക്കുന്നതിനും അങ്ങയുടെ പരമാനന്ദം ലഭിക്കുന്നതിനും അങ്ങയുടെ അനുഗ്രഹം എന്നില്‍ ഉണ്ടാകേണമേ! അല്ലയോ ദൈവമേ! കണ്ണുകൊണ്ടു കാണുന്നതൊന്നും നി ത്യമല്ല. ശരീരവും നീര്‍ക്കുമിളപോലെ നിലയറ്റതാകുന്നു. എല്ലാം സ്വപ്നതുല്യമെന്നല്ലാതെ ഒന്നും പറയുവാനില്ല. നാം ശരീരമല്ല, അറിവാകുന്നു. ശരീരമുണ്ടാകുന്നതിനു മുമ്പിലും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെപോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കും. ജനനം, മരണം, ദാരിദ്ര്യം, രോഗം, ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല. ഇപ്രകാരം ഉപദേശിക്കപ്പെടുന്ന തിരുവാക്കുകളെയും ഈ തിരുവാക്കുകളുടെ ഉപദേഷ്ടാവായ പരമാത്മാവിനെയും ഞാന്‍ ഊണി ലും ഉറക്കത്തിലും ഇടവിടാതെ എല്ലായ്പോഴും ചിന്തിക്കുമാറാകേണമേ! നീ എന്‍റെ സകല പാപങ്ങളെയും കവര്‍ന്നെടുത്തുകൊണ്ട് എനിക്ക് നിന്‍റെ പരമാനന്ദം നല്‍കേണമേ! എന്‍റെ ലോകവാസം കഷ്ടപ്പാടുകൂടാതെ കഴിഞ്ഞു കൂടുന്നതിനും ഒടുവില്‍ നിന്‍റെ പരമപദം പ്രാപിക്കുന്നതിനും നിന്‍റെ അനുഗ്രഹം എന്നില്‍ ഉണ്ടാകേണമേ!"

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. ഗദ്യ പ്രാർത്ഥന (Gadya Prarthana). Anandham. Text updated 2026-09-24. https://anandham.online/krithis/gadya-prarthana

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.