All krithisTranslations
SREE NARAYANA GURU · ORIGINAL TEXT

തിരുക്കുറൾ

Thirukkural

✳
Aa 100%
തിരുക്കുറള്‍ കടവുള്‍ വാഴ്ത്തു (ദൈവസ്തുതി) 1 അകാരമാമെഴുത്താദിയാകുമെല്ലായെഴുത്തിനും ലോകത്തിന്നേകനാമാദിഭഗവാനാദിയായിടും. 2 സത്യമാമറിവാര്‍ന്നുള്ള ശുദ്ധരൂപന്‍റെ സത്പദം തൊഴായ്കില്‍ വിദ്യകൊണ്ടെന്തിങ്ങുളവാകും പ്രയോജനം? 3 മനമാം മലരേ വെല്ലുന്നവന്‍റെ വലുതാം പദം തൊഴുന്നവര്‍ സുഖം നീണാള്‍ മുഴുവന്‍ വാഴുമൂഴിയില്‍. 4 ആശിക്കുക വെറുത്തീടുകെന്നതില്ലാത്തവന്‍റെ കാല്‍ അണഞ്ഞീടിലവര്‍ക്കേതുമല്ലലില്ലൊരു കാലവും. 5 ഈശന്‍റെ വലുതാം കീര്‍ത്തി വാഴ്ത്തുന്നവരിലെന്നുമേ ഇരുളാലണയും രണ്ടു വിനയും വന്നണഞ്ഞിടാ. 6 വാതിലഞ്ചും വെന്നവന്‍റെ നീതിയും നേരുമായിടും- വഴിയില്‍ പറ്റി നിന്നീടില്‍ വാഴുന്നു നെടുനാളവന്‍. 7 ഉപമിപ്പാനൊന്നുമില്ലാതവന്‍റെ ചരണങ്ങളില്‍ ചേര്‍ന്നവര്‍ക്കെന്നിയരുതിച്ചേതോദുഃഖമകറ്റുവാന്‍. 8 ധര്‍മ്മസാഗരപാദത്തില്‍ ചേര്‍ന്നണഞ്ഞവരെന്നിയേ കര്‍മ്മക്കടലില്‍നിന്നങ്ങു കരേറുന്നില്ലൊരുത്തരും. 9 ഗുണമെട്ടുള്ള തന്‍പാദം പണിയാ മൗലിയേതുമേ ഗുണമില്ലാത്തതും ജ്ഞാനഗുണഹീനാക്ഷമെന്നപോല്‍. 10 ഈശന്‍പദത്തില്‍ ചേരായ്കില്‍ കടക്കുന്നില്ല, ചേര്‍ന്നിടില്‍ കടന്നീടുന്നു ജനനപ്പെരുങ്കടലില്‍ നിന്നവര്‍. വാന്‍ചിറപ്പ് (വര്‍ഷവര്‍ണ്ണനം) 1 മഴകാരണമായ് ലോകമഴിയാതെ വരുന്നിതു അതിനാലതു പാരിന്നൊരമൃതെന്നുണരേണ്ടതാം. 2 ഉണ്ണുന്നവര്‍ക്കിങ്ങുണ്ണേണ്ടുമൂണുണ്ടാക്കിയവര്‍ക്കിതു ഉണ്ണുമ്പോഴങ്ങതില്‍ ചേര്‍ന്നൂണായതും മഴയായിടും. 3 ആഴി ചൂഴുന്ന വലുതാമൂഴിയില്‍ പാരമായ് പശി മഴ പെയ്യാതെയായീടില്‍ ഒഴിയാതഴല്‍ ചേര്‍ത്തിടും. 4 മഴയാമൊരു സമ്പത്തിന്‍ സമൃദ്ധി കുറവായിടില്‍ കൃഷി ചെയ്യാതെയാമിങ്ങു കൃഷീവലരൊരുത്തരും. 5 കൊടുക്കുന്നതുമീവണ്ണം കെട്ടവര്‍ക്കു സഹായമായ് എടുത്തീടുന്നതും നിന്നതൊക്കെയും മഴയായിടും. 6 വിണ്ണില്‍ നിന്നു മഴത്തുള്ളി വീഴലില്ലായ്കിലെങ്ങുമേ ഒരു പച്ചപ്പുല്ലുപോലും കാണ്മാനരുതു കണ്ണിനാല്‍. 7 നെടും കടലിനും മേന്മ കുറയും കൊണ്ടല്‍ നീരിനെ എടുത്തു തന്നില്‍ നിന്നങ്ങു കൊടുത്തീടായ്കില്‍ മാരിയെ. 8 മഴപെയ്യാതെയായീടില്‍ വാനവര്‍ക്കും മനുഷ്യരാല്‍ മഖവും പൂജയും മന്നില്‍ നിന്നു ചെല്ലാതെയായിടും. 9 പേരാര്‍ന്നൊരീ പ്രപഞ്ചത്തില്‍ മാരി പെയ്യാതെയായിടില്‍ ദാനം തപസ്സു രണ്ടിന്നും സ്ഥാനമില്ലാതെയായിടും 10 നീരില്ലായ്കില്‍ പാരിലേതും കാര്യമാര്‍ക്കും നടന്നിടാ മാരിയില്ലായ്കിലപ്പോഴാ നീരുമില്ലാതെയായിടും. നീത്താര്‍പെരുമ (സംന്യാസിമഹിമ) വഴിയേ സംന്യസിച്ചുള്ള മഹിമാവിങ്ങുയര്‍ന്നതായ് നിന്നീടുന്നിതു ശാസ്ത്രത്തില്‍ നിര്‍ണ്ണയം സ്പൃഹണീയമാം. 2 സംന്യാസിമഹിമാവിന്നു സന്നിഭം ചൊല്കിലുര്‍വിയില്‍ ഒന്നില്ലാതാകെ മൃതരെയെണ്ണീടുന്നതിനൊപ്പമാം. 3 ബന്ധമോക്ഷങ്ങളില്‍ ഭേദം കണ്ടിങ്ങു കഠിനവ്രതം പൂണ്ടവര്‍ക്കുള്ള മഹിമ ഭൂവിലേറ്റമുയര്‍ന്നതാം. 4 വലുതാം വാനില്‍ വാഴ്വോര്‍ക്കു തലയാമിന്ദ്രനൂഴിയില്‍ ജിതേന്ദ്രിയന്‍റെ ശക്തിക്കു മതിയാമൊരു സാക്ഷിയാം. 5 അറിവാമങ്കുശത്താലഞ്ചറിവാം വാരണങ്ങളെ തളച്ചവന്‍ മോക്ഷഭൂവില്‍ മുളയ്ക്കുമൊരു ബീജമാം. 6 കഴിയാത്തതു ചെയ്തീടും മഹാന്മാ,രല്പരായവര്‍ ചെയ്കയില്ലൊരു കാലത്തും ചെയ്തീടാന്‍ കഴിയാത്തത്. 7 ശബ്ദം സ്പര്‍ശം രൂപരസം ഘ്രാണമഞ്ചിന്‍ വിഭാഗവും അറിയുന്നവനില്‍ത്തന്നെ പെരുതാം ലോകമൊക്കെയും. 8 പരിപൂര്‍ണ്ണവയസ്സുള്ള നരനില്‍ ഗരിമാവിനെ അവരന്നരുളിച്ചെയ്ത മറയിങ്ങറിയിച്ചിടും. 9 ഗുണമാം കുന്നേറിയങ്ങു നില്ക്കുന്ന മുനിമാരുടെ കോപം ക്ഷണികമെന്നാലും ഭൂവില്‍ ദുര്‍വാരമാമത്. 10 സര്‍വ്വപ്രാണിയിലും തുല്യ കൃപ പൂണ്ടു നടക്കയാല്‍ അന്തണന്മാരെന്നു ചൊല്ലേണ്ടതു സന്ന്യാസിമാരെയാം. ഭാര്യാധര്‍മ്മം (ഗൃഹണീത്വം) 1 വസതിക്കൊത്ത ഗുണമുള്ളവളായ്, വരവില്‍ സമം വ്യയവും ചെയ്യുകില്‍ തന്‍റെ വാഴ്ചയ്ക്കു തുണയാമവള്‍. 2 ഗുണം കുടുംബിനിക്കില്ലാതാകി,ലെല്ലാമിരിക്കിലും ഗുണമില്ല കുടുംബത്തിനി,ല്ലാതാകും കുടുംബവും. 3 ഗുണം കുടുംബിനിക്കുണ്ടായീടിലെന്തി,ല്ലവള്‍ക്കതു ഇല്ലാതെയാകിലെന്തുണ്ട,ങ്ങൊന്നുമില്ലാതെയായിടും. 4 ചാരിത്ര്യശുദ്ധിയാകുന്ന ഗുണത്തോടൊത്തു ചേര്‍ന്നിടില്‍ ഗൃഹനായികയെക്കാളും വലുതെന്തു ലഭിച്ചിടാന്‍? 5 ദൈവത്തിനെത്തൊഴാതാത്മനാഥനെത്തൊഴുതെന്നുമേ എഴുന്നേല്‍പ്പവള്‍, പെയ്യെന്നു ചൊല്ലീടില്‍ മഴ പെയ്തിടും. 6 തന്നെ രക്ഷിച്ചു തന്‍ പ്രാണനാഥനെപ്പേണി, പേരിനെ സൂക്ഷിച്ചു ചോര്‍ച്ചയില്ലാതെ വാണീടിലവള്‍ നാരിയാം. 7 അന്തഃപുരത്തില്‍ കാത്തീടിലെന്തുള്ളതവരെ സ്വയം നാരിമാര്‍ കാക്കണം സ്വാത്മചാരിത്ര്യംകൊണ്ടതുത്തമം. 8 നാരിമാര്‍ക്കിങ്ങുതന്‍ പ്രാണനാഥപൂജ ലഭിക്കുകില്‍ ദേവലോകത്തിലും മേലാം ശ്രേയസ്സൊക്കെ ലഭിച്ചിടാം. 9 പേരു രക്ഷിക്കുന്ന നല്ല നാരിയില്ലാതെയായിടില്‍ പാരിടത്തില്‍ സിംഹയാനം ഗൗരവം തന്നില്‍ വന്നിടാ. 10 നാരീഗുണം ഗൃഹത്തിന്നു ഭൂരിമംഗളമായത് സാരനാം പുത്രനതിനു നേരായൊരു വിഭൂഷണം.

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. തിരുക്കുറൾ (Thirukkural). Anandham. Text updated 2026-09-24. https://anandham.online/krithis/thirukkural

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.