All krithisTranslations
SREE NARAYANA GURU · ORIGINAL TEXT

ഈശാവാസ്യോപനിഷത്

Isavasya Upanishad

✳
Aa 100%
ഈശാവാസ്യോപനിഷത് 1 ഈശന്‍ ജഗത്തിലെല്ലാമാ- വസിക്കുന്നതുകൊണ്ടു നീ ചരിക്ക മുക്തനായാശി- ക്കരുതാരുടെയും ധനം. 2 അല്ലെങ്കിലന്ത്യം വരെയും കര്‍മ്മം ചെയ്തിങ്ങസങ്ഗനായ് ഇരിക്കുകയിതല്ലാതി- ല്ലൊന്നും നരനു ചെയ്തിടാന്‍. 3 ആസുരം ലോകമൊന്നുണ്ട് കൂരിരുട്ടാലതാവൃതം മോഹമാര്‍ന്നാത്മഹന്താക്കള്‍ പോകുന്നൂ മൃതരായതില്‍. 4 ഇളകാതേകമായേറ്റം ജിതമാനസവേഗമായ് മുന്നിലാമതിലെത്താതെ നിന്നുപോയിന്ദ്രിയാവലി. 5 അതു നില്ക്കുന്നു പോകുന്നി- തോടുമന്യത്തിനപ്പുറം അതിന്‍ പ്രാണസ്പന്ദനത്തി- ന്നധീനം സര്‍വകര്‍മ്മവും. 6 അതുലോലമതലോല- മതു ദൂരമതന്തികം അതു സര്‍വ്വാന്തരമതു സര്‍വത്തിനും പുറത്തുമാം. 7 സര്‍വഭൂതവുമാത്മാവി- ലാത്മാവിനെയുമങ്ങനെ സര്‍വഭൂതത്തിലും കാണു- മവനെന്തുള്ളു നിന്ദ്യമായ്? 8 തന്നില്‍ നിന്നന്യമല്ലാതെ- യെന്നു കാണുന്നു സര്‍വവും അന്നേതു മോഹമന്നേതു ശോകമേകത്വദൃക്കിന്? 9 പങ്കമറ്റംഗമില്ലാതെ പരിപാവനമായ് സദാ മനസ്സിന്‍മനമായ് തന്നില്‍ തനിയേ പ്രോല്ലസിച്ചിടും. 10 അറിവാല്‍ നിറവാര്‍ന്നെല്ലാ- മറിയും പരദൈവതം പകുത്തു വെവ്വേറായ് നല്കീ മുന്‍പോലീ വിശ്വമൊക്കെയും. 11 അവിദ്യയെയുപാസിക്കു- ന്നവരന്ധതമസ്സിലും പോകുന്നു വിദ്യാരതര- ങ്ങതേക്കാള്‍ കൂരിരുട്ടിലും. 12 അവിദ്യകൊണ്ടുള്ളതന്യം വിദ്യകൊണ്ടുള്ളതന്യമാം എന്നു കേള്‍ക്കുന്നിതോതുന്ന പണ്ഡിതന്മാരില്‍നിന്നു നാം. 13 വിദ്യാവിദ്യകള്‍ രണ്ടും ക- ണ്ടറിഞ്ഞവരവിദ്യയാല്‍ മൃത്യുവെത്തരണം ചെയ്തു വിദ്യയാലമൃതാര്‍ന്നിടും. 14 അസംഭൂതിയെയാരാധി- പ്പവരന്ധതമസ്സിലും പോകുന്നു സംഭൂതിരത- രതേക്കാള്‍ കൂരിരുട്ടിലും. 15 സംഭൂതികൊണ്ടുള്ളതന്യ- മസംഭൂതിജമന്യമാം എന്നു കേള്‍ക്കുന്നിതോതുന്ന പണ്ഡിതന്മാരില്‍നിന്നു നാം. 16 വിനാശംകൊണ്ടു മൃതിയെ- ക്കടന്നമൃതമാം പദം സംഭൂതികൊണ്ടു സംപ്രാപി- ക്കുന്നു രണ്ടുമറിഞ്ഞവര്‍. 17 മൂടപ്പെടുന്നു പൊന്‍പാത്രം- കൊണ്ടു സത്യമതിന്‍ മുഖം തുറക്കുകതു നീ പൂഷന്‍! സത്യധര്‍മ്മന്നു കാണുവാന്‍. 18 പിറന്നാദിയില്‍ നിന്നേക- നായി വന്നിങ്ങു സൃഷ്ടിയും സ്ഥിതിയും നാശവും ചെയ്യും സൂര്യ! മാറ്റുക രശ്മിയെ. 19 അടക്കുകിങ്ങു കാണ്‍മാനായ് നിന്‍ കല്യാണകളേബരം കണ്ടുകൂടാത്തതായ് കണ്ണു- കൊണ്ടു കാണപ്പെടുന്നതായ്. 20 നിന്നില്‍ നില്ക്കുന്ന പുരുഷാ- കൃതിയേതാണതാണു ഞാന്‍; പ്രാണന്‍ പോമന്തരാത്മാവില്‍; പിന്‍പു നീറാകുമീയുടല്‍. 21 ഓമെന്നു നീ സ്മരിക്കാത്മന്‍! കൃതം സര്‍വം സ്മരിക്കുക അഗ്നേ! ഗതിക്കായ് വിടുക സന്മാര്‍ഗ്ഗത്തൂടെ ഞങ്ങളെ. 22 ചെയ്യും കര്‍മ്മങ്ങളെല്ലാവു- മറിഞ്ഞീടുന്ന ദേവ! നീ വഞ്ചനം ചെയ്യുമേനസ്സു ഞങ്ങളില്‍ നിന്നു മാറ്റുക. അങ്ങേയ്ക്കു ഞങ്ങള്‍ ചെയ്യുന്നു നമോവാകം മഹത്തരം.

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. ഈശാവാസ്യോപനിഷത് (Isavasya Upanishad). Anandham. Text updated 2026-09-24. https://anandham.online/krithis/isavasya-upanishad

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.