All krithisSiva
SREE NARAYANA GURU · ORIGINAL TEXT

പിണ്ഡനന്ദി

Pinda Nandi

✳
Aa 100%
പിണ്ഡനന്ദി 1 ഗര്‍ഭത്തില്‍ വച്ചു ഭഗവാനടിയന്‍റെ പിണ്ഡ- മെപ്പേരുമന്‍പൊടു വളര്‍ത്ത കൃപാലുവല്ലി? കല്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി- ട്ടര്‍പ്പിച്ചിടുന്നടിയനൊക്കെയുമങ്ങു ശംഭോ! 2 മണ്ണും ജലം കനലുമംബരമോടു കാറ്റു- മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കല്‍ നിന്നെന്‍ പിണ്ഡത്തിനന്നമൃതു നല്കി വളര്‍ത്ത ശംഭോ! 3 കല്ലിന്നകത്തു കുടിവാഴുമൊരല്പജന്തു- വൊന്നല്ല നിന്‍റെ കൃപയിന്നറിയിച്ചിടുന്നു! അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും മ- റ്റെല്ലാരുമിങ്ങിതിലിരുന്നു വളര്‍ന്നിടുന്നു. 4 ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി- ലെന്തൊന്നുകൊണ്ടിതു വളര്‍ന്നതഹോ! വിചിത്രം; എന്തമ്പുരാന്‍റെ കളിയൊക്കെയിതെന്നറിഞ്ഞാ- ലന്ധത്വമില്ലതിനു നീയരുളീടു ശംഭോ! 5 നാലഞ്ചു മാസമൊരുപോല്‍ നയനങ്ങള്‍ വച്ചു കാലന്‍റെ കയ്യിലണയാതെ വളര്‍ത്തി നീയേ, കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന- ക്കാലം നിനച്ചു കരയുന്നിതു കേള്‍ക്ക ശംഭോ! 6 രേതസ്സു തന്നെയിതു രക്തമൊടും കലര്‍ന്നു നാദം തിരണ്ടുരുവതായ് നടുവില്‍ കിടന്നേന്‍, മാതാവുമില്ലവിടെയന്നു പിതാവുമില്ലെന്‍- താതന്‍ വളര്‍ത്തിയവനാണിവനിന്നു ശംഭോ! 7 അന്നുള്ള വേദന മറന്നതു നന്നുണര്‍ന്നാ- ലിന്നിങ്ങു തന്നെരിയില്‍ വീണു മരിക്കുമയ്യോ! പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു തന്നിട്ടു തന്നെയിതുമിന്നറിയുന്നു ശംഭോ! 8 എന്‍തള്ളയെന്നെയകമേ ചുമടായ്ക്കിടത്തി വെന്തുള്ളഴിഞ്ഞു വെറുതേ നെടുവീര്‍പ്പുമിട്ടു നൊന്തിങ്ങു പെറ്റു, നരിപോലെ കിടന്നു കൂവു- ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭോ! 9 എല്ലാമറിഞ്ഞു ഭഗവാനിവനിന്നെടുത്തു ചൊല്ലേണമോ ദുരിതമൊക്കെയകറ്റണേ നീ ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുവെങ്കി- ലെല്ലാം കളഞ്ഞെരുതിലേറി വരുന്ന ശംഭോ!

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. പിണ്ഡനന്ദി (Pinda Nandi). Anandham. Text updated 2026-09-24. https://anandham.online/krithis/pinda-nandi

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.